
ഗാസ: ഗാസയിൽ 21 സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ . സ്ഫോടനത്തിൽ കെട്ടിടം തകർന്നാണ് 21 സൈനികർ കൊല്ലപ്പെട്ടതെന്ന് പ്രതിരോധസേന അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു. ഹമാസ് പോരാളികളുടെ വെടിവെപ്പിൽ ഇസ്രയേൽ സൈന്യം സൂക്ഷിച്ചിരുന്ന മൈനുകൾ പൊട്ടിത്തെറിച്ചാണ് കെട്ടിടം തകർന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 208 ആയി ഉയർന്നുവെന്നും ഇസ്രയേൽ അറിയിച്ചു. ഗസ്സയിലെ ഇസ്രയേലിന്റെ അധിനിവേശത്തിന് ശേഷമാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്.
അതേസമയം, തെക്കൻ ഗാസയിൽ കൊല്ലപ്പെട്ട 10 പേരുടെ വിവരങ്ങൾ മാത്രമാണ് ഇസ്രായേൽ സേന ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തകർന്ന കെട്ടിടത്തിൽ ഇപ്പോഴും ഇസ്രയേൽ സൈനികർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ഖാൻ യൂനിസിലെ റെഡ് ക്രെസന്റ് ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം നടത്തി. കനത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ട്.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 25,490 പേർ കൊല്ലപ്പെടുകയും 63,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ പുതുക്കിയ മരണസംഖ്യ 1,139 ആണ്.