nasa-scientists-global-sc

തിരുവനന്തപുരം: യു.എസ് കോൺസലേറ്റ് ജനറൽ ചെന്നൈയും കേരള സർക്കാരുമായി സഹകരിച്ച് നടത്തുന്ന

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ (ജി.എസ്.എഫ്.കെ) യു. എസ് പവലിയൻ ഒരുക്കി. തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിൽ നാസ ശാസ്ത്രജ്ഞരുടെ ഉൾപ്പെടെ പ്രഭാഷണങ്ങൾ കേൾക്കാനും പ്രദർശനങ്ങൾ കാണാനും വിദ്യാഭ്യാസ വിവരങ്ങൾ നേടാനും അവസരമുണ്ട്. പരിസ്ഥിതി, ബഹിരാകാശം, ഭൗമേതര ബുദ്ധി എന്നിവ സംബന്ധിച്ച പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിങ്കളാഴ്‌ച നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സിന്തറ്റിക് അപ്പെർച്ചർ റഡാർ (നൈസാർ) പദ്ധതിയുടെ ഭാഗമായുള്ള

അഞ്ച് ശാസ്ത്രജ്ഞരുടെ ചർച്ച സംഘടിപ്പിച്ചിരുന്നു. നൈസാർ പദ്ധതി ഉടനെ നടപ്പാക്കുമെന്ന് അവർ അറിയിച്ചു.

കഴിഞ്ഞ 15നായിരുന്നു പവലിയന്റെ ഉദ്ഘാ‌ടനം. നാസ ശാസ്ത്രജ്ഞ ഡോ. മധുലികയായിരുന്നു മുഖ്യാതിഥി.

കേരള സർക്കാരുമായി ചേർന്ന് സഹകരിക്കുന്നതിൽ യു.എസ് സർക്കാർ അഭിമാനിക്കുന്നെന്നും യു.എസ്- ഇന്ത്യ ശാസ്ത്ര സാങ്കേതിക സഹകരണത്തിലൂടെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും യു.എസ് കോൺസലേറ്റ് ജനറൽ ചെന്നൈ വക്താവ് സമാന്ത ജാക്സൺ പറഞ്ഞു, നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുക്കാൻ കഴിയുമെന്നും അവർ അറിയിച്ചു.