
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ സ്പോർട്സ് എക്സ്പോയ്ക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്പോർട്സ് ഉപകരണ നിർമാതാക്കളുടേയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടേയും 40ഓളം സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. കായിക ഉപകരണങ്ങൾക്ക് പുറമെ ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്.
പരിമിതമായ സ്ഥലത്തു ഒരേസമയം 16 പേർക്ക് വരെ വ്യായാമം ചെയ്യാൻ കഴിയുന്ന ജിം സംവിധാനം പ്രദർശനത്തിൽ ശ്രദ്ധേയമായി. പൂനെ ആസ്ഥാനമായ സമ്മിറ്റ് സ്പോർട്സ് ആണ് വൈവിധ്യമാർന്ന ഓപ്പൺ ജിം ഉപകരണങ്ങൾ പ്രദർശനത്തിനെത്തിച്ചത്. ഐ ഐ ടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച നേട്രിൻ ആപ്പിന്റെ ഡെമോൺസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. ഫിറ്റ്നസിൽ നേട്രിൻ തത്സമയ ആപ്പ് ഫിസിയോളജിക്കൽ ഡാറ്റ ട്രാക്കുചെയ്യാൻ സഹായിക്കും. സ്പോർട്സ് മെഡിസിൻ വിഭാഗത്തിലും വ്യത്യസ്തമായ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്. ഉപകരണങ്ങൾക്ക് വിലക്കിഴിവിൽ ജനങ്ങൾക്ക് വാങ്ങാം. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.
ആവേശമായി ബോക്സിംഗ് മത്സരം
കായിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ആവേശം വിതറി ബോക്സിംഗ് മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ ബോക്സിംഗ് കൗൺസിലിന്റെ സഹകരണത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോൺഫയർ ക്ലബ്ബാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 70 ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ മത്സരത്തിൽ പങ്കെടുത്തത്. ആൺകുട്ടികൾക്കും പെൺകുട്ടികളും പങ്കെടുത്ത മത്സരത്തിൽ 52 കിലോ മുതൽ 90 കിലോ വരയുള്ളവർക്കായി വിവിധ കാറ്റഗറികളിലായി മത്സങ്ങൾ സംഘടിപ്പിച്ചത്.