baby

കോയമ്പത്തൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മ ബസില്‍ ഉപേക്ഷിച്ചു പോയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ തേടി തൃശൂര്‍ സ്വദേശിയായ അച്ഛനെത്തി. കോയമ്പത്തൂരിലാണ് സംഭവം. അമ്മയും അച്ഛനും ഒരുമിച്ചു വന്നാലെ കുഞ്ഞിനെ കൈമാറാനാകൂ എന്നാണ് ശിശു സംരക്ഷണ വകുപ്പിന്റെ നിലപാട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കേറിയ സ്വകാര്യ ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോടു യുവതി ആവശ്യപ്പെടുകയായിരുന്നു.

കോയമ്പത്തൂര്‍ എത്തിയപ്പോള്‍ കുട്ടിയെ തന്റെ കയ്യില്‍ ഏല്‍പ്പിച്ച് യുവതി മുങ്ങിയെന്ന സംശയം സ്ത്രീ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയും അവിടെ നിന്ന് ശിശു സംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍ അയക്കുകയും ചെയ്തു.

കുട്ടിയുടെ കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് കുഞ്ഞിന്റെ അച്ഛന്‍ സ്റ്റേഷനിലെത്തുന്നത്.തൃശൂര്‍ സ്വദേശിയും യുവതിയും പ്രണയിച്ചു വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നു. വിവാഹശേഷം ഇവര്‍ കോയമ്പത്തൂരില്‍ താമസിക്കുകയായിരുന്നു.

അടുത്തിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് യുവാവ് തൃശൂരിലേക്കു തിരികെപോയിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.