
ചെന്നൈ:ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് മഹാത്മാഗാന്ധിയല്ലെന്നും, നേതാജി സുഭാഷ് ചന്ദ്രബോസാണെന്നുമുള്ള തമിഴ്നാട് ഗവർണർ ആർ. എൻ രവിയുടെ പരാമർശം വിവാദമായി. അണ്ണാ സർവകലാശാലയിലെ നേതാജി അനുസ്മരണത്തിലാണ് ഗാന്ധിജിയെ ഇകഴ്‌ത്തുന്ന പരാമർശം 1942ന് ശേഷം ഗാന്ധിജി നയിച്ച സമരം ഇല്ലാതായെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്നുമായിരുന്നു പരാമർശം.
രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജമില്ലാതായി. ഗാന്ധിയുടെ നിസ്സഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. 1942ന് ശേഷം ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമര പോരാട്ടം പരിശോധിച്ചാൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ബ്രിട്ടീഷുകാർക്കെതിരെയുള്ള ചെറുത്തു നിൽപ്പല്ല, മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് വിഭജനത്തിനു വേണ്ടി പോരാടുകയായിരുന്നു. തമ്മിലടിയാണ് അന്ന് ഉണ്ടായത്. പോരാട്ടങ്ങളും തമ്മിലടിയും മാത്രമേ ഉണ്ടായുള്ളൂ. കാര്യമായ പ്രതിരോധമൊന്നും ഉണ്ടായില്ല.
ജിന്നയാണ് ഇവിടെ വിഭാഗീയതയ്ക്ക് തുടക്കമിട്ടത്. ബ്രിട്ടീഷുകാർ അത് ആസ്വദിക്കുകയും ചെയ്‌തു. നേതാജിയുടെ പ്രവർത്തനങ്ങൾ കൊണ്ടാണ് 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അദ്ദേഹത്തിന്റെ സൈനിക ചെറുത്തുനിൽപ്പാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണമായത്. നേതാജിയെ ബ്രിട്ടീഷുകാർ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ ത്യാഗവും അനുസ്‌മരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യണം. താൻ ചരിത്ര രേഖകൾ പരിശോധിച്ച ശേഷമാണ് ഇത് പറയുന്നതെന്നും ആളുകൾക്ക് ഇതൊന്നും അറിയില്ലെന്നും ഗവർണർ പറഞ്ഞു. ഗാന്ധിജിക്കെതിരായ അഭിപ്രായപ്രകടനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ ദളിത് സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.