
ഇലകളിലും ചില്ലകളിലും കായകളിലും എന്തിന് ഗന്ധത്തിൽപോലും മരണം നിറച്ചുനിൽക്കുന്ന ഒരു മരമുണ്ട് കരീബിയനിൽ. വെയിലേറ്റ് വാടിത്തളർന്നുവന്ന് മരത്തണലിൽ ഒന്ന് വിശ്രമിച്ചുകളയാം എന്ന് കരുതുന്ന വിനോദസഞ്ചാരികൾക്കാണ് അപകടം പറ്റുന്നതിലേറെയും. ട്രീ ഒഫ് ഡെത്ത് അഥവാ മരണത്തിന്റെ മരം എന്നാണ് അതിന്റെ പേരുതന്നെ. മഞ്ചിനീൽ എന്നറിയപ്പെടുന്ന ഈ മരത്തിന്റെ സമീപത്തേക്കു പോകുന്നതുതന്നെ അപകടകരമാണ്. ഇതിന്റെ ഫലം ഭക്ഷിച്ചാൽ മരണം വരെ സംഭവിക്കാം.
മഴനേരത്ത് ഈ മരത്തിന്റെ ചുവട്ടിൽനിന്നാൽ ദേഹത്തേക്ക് ഇലകളിൽനിന്നും മറ്റും വീഴുന്ന വെള്ളം മതി പൊള്ളലേൽക്കാൻ. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൃക്ഷം എന്ന പേരിൽ ഗിന്നസ് റെക്കാഡ് ബുക്കിൽ പോലും ഇടം നേടിയതാണ് 'Hippomane mancinella' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മഞ്ചിനീൽ.

ഇവയുടെ പഴങ്ങൾ ഒറ്റനോട്ടത്തിൽ ഭക്ഷ്യയോഗ്യമെന്നു കരുതുന്നവയാണ്. നല്ല സുഗന്ധവുമാണ്. കൊടും എരിവാണ് പഴത്തിന്. കഴിച്ചതിനു തൊട്ടുപിന്നാലെ വായും കഴുത്തും അന്നനാളവുമെല്ലാം ചുട്ടെരിയും. പൊള്ളിയതു പോലെ പിടയും. ശ്വാസം കിട്ടാതെ വരും. വയറിളക്കവും ഛർദിയും വന്ന് ഒന്നും കഴിക്കാനാകാതെ നിർജലീകരണത്തിലൂടെ മരണം വരെ സംഭവിക്കാം. ഇവയുടെ തൊലി, ഇല, പഴം തുടങ്ങി എല്ലാ ഭാഗങ്ങളിൽനിന്നും ഒരുതരം കറ ഒലിച്ചിറങ്ങുന്നു. ഇത് വളരെ ദോഷമാണ്.