o

കാലിഫോർണിയ : 96-ാമത് ഓസ്കാർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടിക പുറത്തുവിട്ടു. മൂന്ന് വിഭാഗങ്ങളിലേയ്ക്കുള്ള നാമനിർദ്ദേശ പട്ടികയാണ് പ്രഖ്യാപിച്ചത്‌. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ 'ഒപ്പെൻഹെയ്മറാണ്' മുൻപന്തിയിൽ. ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ (14) നേടിയ ജെയിംസ് കാമറൂൺ ചിത്രമായ 'ടൈറ്റാനിക്കിന്റെ' റെക്കോർഡ് തകർക്കാനായില്ലെങ്കിലും തൊട്ടുപിന്നാലെയുണ്ട് ഒപ്പെൻഹെയ്‌മീർ.

11 നോമിനേഷനുകളുമായി പുവർ തിംഗ്സും എട്ട് നോമിനേഷനുകളുമായി ബാർബിയും തൊട്ടുപിന്നാലെയുണ്ട്.

കുറ്റകൃത്യ ചിത്രമായ "കില്ലേഴ്സ് ഒഫ് ദി ഫ്ലവർ മൂൺ" പത്ത് നോമിനേഷനുകൾ നേടി. ബെവർലി ഹിൽസിലെ സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്‌സും ജാക്ക് ക്വെയ്‌ഡും ചേർന്നാണ് പട്ടിക പുറത്തുവിട്ടത്.

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യൂമെന്ററിയാണ് ടു കിൽ എ ടൈഗർ. ഡോക്യുമെന്ററി ഫിലിം മേക്കർ നിഷ പഹുജയാണ് സംവിധാനം. മലയാളം ചിത്രം 2018 ഉം, ബോളിവുഡ് ചിത്രം ട്വൽത്ത് ഫെയിലും അന്തിമ പട്ടികയിൽ ഇടം നേടിയില്ല.