crime

തിരുവനന്തപുരം: വീട് കയറി ആക്രമിച്ച് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍. കല്ലറ മിതൃമല നെല്ലിമൂട്ടില്‍ മഹിളാ ഭവനില്‍ വിഷ്ണു (20) കല്ലറ ചുണ്ടുമണ്ണടി പുത്തന്‍ വീട്ടില്‍ അഖില്‍ (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം പ്രതികള്‍ വീടും സ്ഥാപനവും അടിച്ച് തകര്‍ക്കുകയും പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ ഭീഷണിപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഒന്നര മാസമായി പ്രതികള്‍ തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച് വന്ന പുതിയ സമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘം തമിഴ്‌നാട്ടിലെ കൊടയ്കനാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.