
തൃശൂർ: പിടികൂടാൻ സായുധ സേനയ്‌ക്കൊപ്പമെത്തിയ ഇഡി സംഘത്തെ ഇളിഭ്യരാക്കി രക്ഷപ്പെട്ട ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. 1630 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് കേസിലെ പ്രതികളാണ് ഇരുവരും. പൊലീസ് സഹായത്തോടെയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം ഇഡി സംഘം റെയ്ഡിനെത്തിയപ്പോഴാണ് അവർക്ക് മുന്നിലൂടെ അതിവേഗത്തിൽ കാറോടിച്ച് ഇരുവരും രക്ഷപ്പെട്ടത്. ഇവരുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം. എന്നാൽ തങ്ങൾക്ക് മുന്നിലൂടെയല്ല റെയ്ഡ് വിവരമറിഞ്ഞ് ഇരുവരും നേരത്തേ രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇഡി പറയുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു ഇഡി റെയ്ഡ് പ്ളാൻചെയ്തത്. കണിമംഗലം താലൂക്കിലുള്ള പ്രതാപന്റെ വീട്, ചേർപ്പിലെ കമ്പനി ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു രാവിലെ പത്തുമണിയോടെ റെയ്ഡ് നടത്താൻ തീരുമാനിച്ചത്. എല്ലാം അതീവ രഹസ്യമായിട്ടായിരുന്നു എങ്കിലും റെയ്ഡ് വിവരം ചോർന്നു. ഇതാണ് ഇവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതും.
ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ളവ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
എഴുപതോളം കടലാസ് കമ്പനികൾ നടത്തിയാണ് ഇവർ വൻതോതിൽ തട്ടിപ്പ് നടത്തിയത്. 63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1,630 കോടി തട്ടിയെന്നാണ് പൊലീസ് റിപ്പോർട്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കാം. തട്ടിയെടുത്തതിൽ നൂറുകോടി രൂപ ഹവാലവഴി വിദേശത്തേക്ക് കടത്തിയ കേസാണ് ഇഡി അന്വേഷിക്കുന്നത്. ദമ്പതികൾക്ക് പല ഉന്നതരുമായും ബന്ധമുണ്ടെന്ന തരത്തിൽ പ്രചാരണമുണ്ട്. എന്നാൽ പൊലീസോ അന്വേഷണ ഉദ്യോഗസ്ഥരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.