
മാനന്തവാടി: ജനവാസ മേഖലയിൽ ഭീതി വിതച്ച്കരടിയുടെ വിളയാട്ടം. കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ കരടി വെളിച്ചെണ്ണയും പഞ്ചസാരയും അകത്താക്കി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാവിലെയാണ് പള്ളി അധികൃതർ വിവരമറിയുന്നത്. പിന്നീട് കരടി തരുവണ, കരിങ്ങാരി, കുന്നുമ്മൽ അങ്ങാടി, പാലിയാണ ഭാഗങ്ങളിലെത്തി. വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കരടി പീച്ചങ്കോടുള്ള ഒരു വീടിന്റെ അടുക്കളയിലും കയറിയിരുന്നു. പിന്നീട് പീച്ചങ്കോട് ഗവ.എൽ പി സ്കൂളിന്റെ അടുക്കള ജനൽ ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു.
മാനന്തവാടി വള്ളിയൂർക്കാവ് ഭാഗത്തും പിന്നീട് തോണിച്ചാൽ പ്രദേശങ്ങളിലും കരടി ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ക്വാറി റോഡിലെ രാജീവന്റെ വീടിന്റെ അടുക്കളയിൽ കയറിയ കരടി വെളിച്ചെണ്ണ തേടിയെത്തി. ശബ്ദം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ കട്ടപിടിച്ച വെളിച്ചെണ്ണ പുറത്തെടുക്കാനായി കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന കരടിയെയാണ് കണ്ടത്.വീട്ടുകാർ ഭയന്ന് ബഹളം വെച്ചതോടെ കുപ്പി ഉപേക്ഷിച്ച് കരടി ഓടി പോകുകയായിരുന്നു.