
ഇനി പുതിയ ലുക്കിൽ
പെണ്ണ് കാണാൻ വന്ന ചെക്കനെ നൈസായി തേച്ച് കാമുകന്റെ ബൈക്കിന് പിന്നിലിരുന്ന് 'താങ്ക് യു ചേട്ടാ" എന്ന് പറഞ്ഞ് പോയ സുരഭി ,പേരില്ലൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ ഇപ്പോഴും ജീവിക്കുന്നെന്ന് വിശ്വസിക്കുകയാണ് പ്രേക്ഷകർ. തന്നെ കാണാൻ വന്ന ചെക്കനെയും കൂട്ടരെയും മാത്രമല്ല സ്വന്തം വീട്ടുകാരെയും സുരഭി കല്യാണസദ്യ കഴിപ്പിച്ചു ! പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ് സീരിസിൽ സണ്ണി വയ്നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .'നമുക്ക് പുറത്തിറങ്ങി നടന്നു കൊണ്ടു സംസാരിച്ചാലോ "എന്ന് പറഞ്ഞ് ചെക്കനെ വീട്ടിൽനിന്ന് പുറത്തിറക്കി കൊണ്ടുപോയ സുരഭിയെ അവതരിപ്പിച്ചത് ഗോപിക രമേശും. ഒരു സിനിമ സമ്മാനിക്കുന്ന പ്രശസ്തി ലഭിച്ച സന്തോഷത്തിൽ ഗോപിക രമേശ് നിറഞ്ഞു ചിരിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിൽ സ്റ്റെഫിയായി എത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിയാണ് ഗോപിക രമേശ് സിനിമ യാത്ര ആരംഭിക്കുന്നത്. പേരില്ലൂർ പ്രീമിയർ ലീഗാകട്ടെ പുതുവർഷസമ്മാനവും.
എല്ലാം സെറ്റ്
അഭിനയം ഭയങ്കര ഇഷ്ടമാണ്. തണ്ണീർമത്തൻ ദിനങ്ങളിൽ പ്രവർത്തിച്ച പലരും പേരില്ലൂർ പ്രീമിയർ ലീഗിലുണ്ട്. അതിനാൽ വിളി വന്നപ്പോൾ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ഞാൻ പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിക്കുന്നത്. പ്രീമിയർ ലീഗും സുരഭിയും നന്നായിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
തണ്ണീർമത്തൻ ദിനങ്ങൾ അഭിനയിക്കുമ്പോൾ പത്തൊമ്പത് വയസാണ്. ആ സമയത്ത് ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ് ആദ്യവർഷം ചെയ്യുകയാണ്. 2022 ആഗസ്റ്റിലാണ് കോഴ്സ് കഴിയുന്നത്. അങ്ങനെ സിനിമയിൽ ഇടവേള വന്നു. കോഴ്സ് കഴിഞ്ഞ ഉടനെയാണ് തമിഴിൽ സുഴൽ എന്ന വെബ് സീരിസ് ചെയ്യുന്നത്. കോവിഡിനെ തുടർന്ന് സുഴൽ പൂർത്തിയാവാൻ മൂന്നുവർഷം വേണ്ടിവന്നു .സുഴലിലെ കഥാപാത്രത്തിന് പതിനഞ്ച് പതിനാറു വയസാണ്. ആ ലുക്കും ഇപ്പോഴത്തെ എന്റെ ലുക്കും രണ്ടാണ്. സുഴലിലെ ലുക്ക് കണ്ടാണ് എല്ലാവരും വിളിക്കുന്നത്. ബ്രേക്കെടുക്കണമെന്ന് വിചാരിച്ചതല്ല. സാഹചര്യം കൊണ്ട് ഉണ്ടായതാണ് .ഇനി, ഉണ്ടാവില്ല.
നല്ല മത്സരം
സുഴലിൽ പാർത്ഥിപൻ സാറിന്റെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്. ഒരു സീനിയർ താരത്തിന്റെ കൂടി തുടക്കത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി മാം,കതിർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അവരും സീനിയർ താരങ്ങൾ.
പാർത്ഥിപൻ സാർ ഗൗരവക്കാരനാണ്. എന്നാൽ മറ്റുള്ളവരുടെ അഭിനയത്തെ പ്രോത്സാഹിപ്പിക്കും. പാർത്ഥിപൻ സാർ വഴക്ക് പറയുന്നതായിരുന്നു ആദ്യ സീൻ. അപ്പോൾ ഞാൻ കരയണം. യഥാർത്ഥ ജീവിതത്തെ ഒാർമ്മപ്പെടുത്തുന്ന സീൻ. നല്ല ഒരു പാഠപുസ്തകമായിരുന്നു സുഴൽ. സത്യത്തിൽ, സുഴൽ കണ്ടാണ് പേരില്ലൂർ പ്രീമിയർ ലീഗിലേക്ക് വിളിക്കുന്നത്. സുഴൽ കണ്ട് തമിഴിൽനിന്ന് ഒരുപാട് വിളി വന്നു. അപ്പോൾ എനിക്ക് 22 വയസാണ്. അതു കൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല. തമിഴിൽനിന്ന് അവസരം വരുന്നുണ്ട്. എന്നാൽ ഞാൻ സെലക്ടീവാണ്.സിനിമയിൽ എന്റെ പ്രായമുള്ള ഒരുപാടുപേരുണ്ട്. നല്ല മത്സരമുണ്ട് .പുതിയ മുഖങ്ങൾ തേടി ഒാഡിഷനും ഉണ്ടാകാറുണ്ട്. അതിനാൽ ഞാൻ സജീവമല്ലെന്ന് പറയാൻ കഴിയില്ല. എന്നിലേക്ക് അവസരങ്ങൾ എന്തുകൊണ്ടോ എത്താത്തതിൽ വിഷമമുണ്ട്. കോഴ്സ് കഴിഞ്ഞ് കൊച്ചിയിലേക്ക് വന്നതുതന്നെ സിനിമ ചെയ്യണമെന്ന ഉദ്ദേശം കൊണ്ടാണ്. എന്നാൽ എന്റെ സാഹചര്യം കൊണ്ട് അത് അത്ര എളുപ്പമല്ല. പ്രതീക്ഷയും ക്ഷമയുമാണ് സിനിമയിൽ എല്ലാവരെയും നിലനിറുത്തുന്നത്. നല്ലതു വരുമെന്ന് പ്രതീക്ഷിക്കുന്നു.
പേരിലൂർ പ്രീമിയർ ലീഗ് കഴിഞ്ഞ് ഐഡന്റിറ്റി എന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചു . അതിന്റെ ഷൂട്ടിലാണ് ഇപ്പോൾ . പേരില്ലൂരും സുരഭിയും തന്ന തിളക്കത്തിൽ മുന്നോട്ടു പോകുന്നു.