
മുന്നണി മാറ്റത്തോടെ നിയമസഭയുടെ പടികയറാൻ പറ്റാതെയായ ആർ.എസ്.പിയുടെ ആകെയുള്ള ലോക്‌സഭാ സീറ്റെങ്കിലും നിലനിറുത്തേണ്ട ബാദ്ധ്യത യു.ഡി.എഫിന്. നിയമസഭാ സീറ്റുകളിൽ ബഹുഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും തുടർച്ചയായി ലോക്‌സഭയിൽ തോൽക്കുന്ന മാനക്കേട് മാറ്രേണ്ട ഉത്തരവാദിത്വം എൽ.ഡി.എഫിന്. അയൽ മണ്ഡലങ്ങളിലേതു പോലെ വോട്ടിംഗ് ശതമാനത്തിൽ കനത്ത വർദ്ധനവില്ലെന്ന നാണക്കേട് തിരുത്തേണ്ട ആവശ്യം എൻ.ഡി.എയ്ക്ക്. ഇങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കേണ്ടത് മൂന്നു മുന്നണികൾക്കും ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലാണ് കൊല്ലത്തെ പോരാട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്ന മുറിവുകളുടെ തുടക്കം. സീറ്റ് ചർച്ചാ വേളയിൽ തങ്ങളിൽ നിന്നു തിരിച്ചെടുത്ത കൊല്ലം ലോക്‌സഭാ സീറ്റ് ആർ.എസ്.പി സി.പി.എമ്മിനോട് തിരികെ ആവശ്യപ്പെട്ടു. നൽകില്ലെന്ന് തറപ്പിച്ചു പറഞ്ഞതിനൊപ്പം ചില നിയമസഭാ സീറ്റുകളിൽക്കൂടി മാറ്റമുണ്ടാകുമെന്നു പറഞ്ഞതോടെ ആർ.എസ്.പി കടുത്ത അസ്വസ്ഥതയിലായി. ഉമ്മൻചാണ്ടിയും ഷിബു ബേബിജോണും ഈ അവസരം പ്രയോജനപ്പെടുത്തി ആർ.എസ്.പിയെ യു.ഡി.എഫിൽ എത്തിച്ചു. എൽ.ഡി.എഫിന്റെ ശക്തനായ പോരാളിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ അങ്ങനെ പെട്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങി. മറുകണ്ടം ചാടിയ ആർ.എസ്.പിയെ തറപറ്റിക്കാൻ എൽ.ഡി.എഫ് സർവസന്നാഹവും ഉപയോഗിച്ചിട്ടും പ്രേമചന്ദ്രൻ 37,649 വോട്ടിന് വിജയിച്ചു. ഇത് ഇടതു മുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത ആഘാതമായിരുന്നു.
2014-ലെ നാണക്കേട് തീർക്കാൻ 2019-ൽ എൽ.ഡി.എഫ് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ.എൻ. ബാലഗോപാലിനെ സ്ഥാനാർത്ഥിയാക്കി. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ മാത്രമല്ല, ജില്ലയിലെ 11 നിയമസഭാ സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു നിൽക്കുന്ന കാലം. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. പക്ഷെ ശബരിമല സ്ത്രീ പ്രവേശന പ്രശ്നങ്ങൾക്കും രാഹുൽ ഗാന്ധി ഇഫക്ടിനുമൊപ്പം പ്രേമചന്ദ്രന്റെ ജനകീയതും എൽ.ഡി.എഫിനെ വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളി. 1.48,869 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രൻ തന്നെ വിജയിച്ചു. ഇതിനിടയിൽ എൻ.ഡി.യുടെ വോട്ട് 2014-ലെ 58,671ൽ നിന്ന്, കൊല്ലത്തിന് അപരിചിതനായ സ്ഥാനാർത്ഥിയായിട്ടും 2019-ൽ 1,03,339ൽ ആയി ഉയർന്നു!
ഇടതു മുന്നണിയെ ഞെട്ടിച്ച് കഴിഞ്ഞ രണ്ടു തവണയും വിജയിച്ച എൻ.കെ. പ്രേമചന്ദ്രൻ തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പ്. കൊല്ലംകാരുടെ മനസിൽ പ്രേമചന്ദ്രന് രാഷ്ട്രീയത്തിന് അതീതമായ ഇടമാണുള്ളത്. എം.പി ഫണ്ട് വിനിയോഗത്തിനപ്പുറം, കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി വികസന പദ്ധതികൾ കൊണ്ടുവരാനും പ്രേമചന്ദ്രൻ നിരന്തരം പരിശ്രമിക്കുന്നു.
പ്രേമചന്ദ്രനെ വീഴ്ത്താൻ കഴിയുന്ന കരുത്തുറ്റ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകളിലാണ് സി.പി.എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപനാണ് പ്രധാനമായും പരിഗണനയിലുള്ളത്.സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം തുടങ്ങി പല പേരുകളും ചർച്ചയിലുണ്ട്.കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചാത്തന്നൂരിൽ യു.ഡി.എഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ട്.
കളം മാറാൻ മടിയില്ല
ഇടത്തേക്കും വലത്തേക്കും കളം മാറാൻ മടിയില്ലാത്ത മണ്ഡലമാണ് കൊല്ലം. കഴിഞ്ഞ മൂന്നു തവണയായി യു.ഡി.എഫിനാണ് വിജയം. അതിനു മുൻപ് 96-ലും 98-ലും പ്രേമചന്ദ്രനും, 99-ലും 2004-ലും പി. രാജേന്ദ്രനും ഇവിടെ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി വിജയിച്ചു. കൂടുതൽ പിന്നോട്ടു പോകുമ്പോഴും കൊല്ലം ആർക്കൊപ്പവും ഉറച്ചുനിന്ന ചരിത്രമില്ല. സംസ്ഥാനത്തെ ആർ.എസ്.പിയുടെ ശക്തികേന്ദ്രമാണ് കൊല്ലം. 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിക്കുമ്പോൾ രണ്ടു മുന്നണികളുടെയും ഭാഗമായി നിന്ന് പത്തു തവണ ആർ.എസ്.പി സ്ഥാനാർത്ഥികൾ ഇവിടെ വിജയിച്ചിട്ടുണ്ട്.
ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇപ്പോൾ കുണ്ടറ ഒഴികെ ആറ് നിയമസഭാ സീറ്റുകളും എൽ.ഡി.എഫിനാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുകാർ പരസ്പരം കാലുവാരുന്നതും, ലോക്‌സഭയിലേക്കുള്ള സ്ഥാനാർത്ഥി തങ്ങളുടെ പാർട്ടിക്കാരൻ അല്ലാത്തതിനാൽ ഒറ്റക്കെട്ടായി നിൽക്കുന്നതും ലോക്‌സഭയിലെ യു.ഡി.എഫ് വിജയത്തിന്റെ കാരണമായി പറയുന്നുണ്ട്.
വിപുലമായ വികസനം
സമാനതകളില്ലാത്ത വികസനമാണ് കൊല്ലത്തേത്. കൊല്ലം റെയിൽവേ സ്റ്റേഷൻ അതിവേഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. പുതിയ ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് സമ്മർദ്ദം ചെലുത്തി. ദേശീയപാത 66 വികസനം പുരോഗമിക്കുന്നു. ഗ്രാമീണ റോഡ് വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനായി.
- എൻ.കെ. പ്രേമചന്ദ്രൻ എം.പി
തിരിച്ചുപിടിക്കും
സ്വന്തമായി ഒരു പദ്ധതി പോലും കൊണ്ടുവരാൻ പ്രേമചന്ദ്രനു കഴിഞ്ഞിട്ടില്ല. വ്യക്തിതാല്പര്യത്തിനായി തെറ്രായ അവകാശവാദം ഉന്നയിച്ച് ആർ.എസ്.പിയെ യു.ഡി.എഫിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണ്. കൊല്ലം സീറ്റ് ഇടതുമുന്നണി തിരിച്ചുപിടിക്കും.
- എസ്. സുദേവൻ, സി.പി.എം ജില്ലാ സെക്രട്ടറി
പൊള്ളയായ വാദങ്ങൾ
എം.പി വൻ പരാജയമാണ്. കേന്ദ്രത്തിന്റെ പദ്ധതികൾ എം.പി സ്വന്തം അക്കൗണ്ടിലാക്കുകയാണ്. ദേശീയപാത 66 വികസനവും ഗ്രീൻഫീൽഡ് പാതയുമൊക്കെ ഇങ്ങനെ വന്നതാണ്. യു.പി.എയുടെ കാലത്തും അദ്ദേഹം എം.പിയാണ്. ഈ രണ്ടു ഘട്ടങ്ങളും പരിശോധിക്കുമ്പോൾ അറിയാം, വാദങ്ങളിലെ പൊള്ളത്തരം.
- ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
2019-ലെ വോട്ട്
എൻ.കെ. പ്രേമചന്ദ്രൻ (യു.ഡി.എഫ്)- 4,99,667
കെ.എൻ. ബാലഗോപാൽ (എൽ.ഡി.എഫ്)- 3,50,821
കെ.വി. സാബു (എൻ.ഡി.എ)- 1,03,339