
ഏതു വിവാഹച്ചടങ്ങിലേക്കു ക്ഷണിച്ചാലും കഴിയുന്നിടത്തോളം ഞാനതിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. നിങ്ങളും അങ്ങനെ തന്നെയല്ലേ?- സദസ്സിനെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെയുള്ള പ്രഭാഷകന്റെ ചോദ്യം, സദസ്യരും പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. 'എന്നാൽ നിങ്ങൾ ഓരോരുത്തരും, നിങ്ങളുടെ സ്വന്തം വിവാഹമുൾപ്പെടെ, ഇതുവരെ എത്ര വിവാഹങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നൊരു കണക്കുവിവരം പറയാൻ കഴിയുമോ? ഓർത്തു പറഞ്ഞാൽ മതി, സ്വന്തമായൊരു വിവാഹം ഇതുവരേയും തരപ്പെട്ടിട്ടില്ലെങ്കിൽ, അത്തരക്കാർ ഒരെണ്ണം കുറച്ചോളൂ, കുഴപ്പമില്ല.
എന്നാൽ സ്വന്തം നിലയിൽ തരപ്പെട്ട സംഗതി, ഇപ്പോൾ പിണക്കമാണ്, ഇണക്കമില്ലയെന്നൊക്കെ പറഞ്ഞ് കണക്കിൽ പിശകു വരുത്തരുത്! അതു പറ്റില്ല.'പ്രഭാഷകന്റെ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകൾ കേട്ട് സദസ്സിൽ കൂട്ടച്ചിരി ഉയർന്നുവെങ്കിലും, സദസ്യരിൽ രണ്ടു മൂന്നു മുഖങ്ങളിൽ അസ്വസ്ഥത നിഴലിക്കുന്നത് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതു കണ്ടിട്ടായിരിക്കാം, പ്രഭാഷകൻ ഇപ്രകാരം പറഞ്ഞു: 'ഒരു വ്യക്തിയെ സംബന്ധിച്ച് നമ്മൾ കാര്യങ്ങൾ വിലയിരുത്തുമ്പോൾ തീർച്ചയായും നമ്മുടെ സംസ്‌കാരമനുസരിച്ച്, അയാളുടെ/അവളുടെ വിവാഹം എന്നത് ജീവിതത്തിലെ പ്രധാന സംഗതിയാണ്. 'സംസ്‌കാരമനുസരിച്ച്'എന്ന് പ്രത്യേക വിശേഷണം ഞാൻ പറഞ്ഞത്, പാശ്ചാത്യ സമൂഹങ്ങളിൽ നിലനിൽക്കുന്ന, അല്ലെങ്കിൽ ലോകത്ത് മറ്റു പലരാജ്യങ്ങളിലും നിലനിൽക്കുന്ന ദാമ്പത്യ ജീവിതരീതികളിൽ നിന്ന് വ്യത്യസ്തവും അതിലേറെ പ്രത്യേകതകളുമുള്ള നമ്മുടെ കുടുംബ ജീവിതമെന്ന അടിസ്ഥാന സങ്കല്പം ഇനിയും പൂർണ്ണമായി തകർന്നു പോയിട്ടില്ലാത്തതിനാലാണ്.
ഒരു പക്ഷേ, എല്ലാ കാലത്തും നമുക്ക് അപ്രകാരമൊരു വ്യത്യസ്തത അവകാശപ്പെടാൻ കഴിയണമെന്നുമില്ല! അതിന്റെ കാരണമൊന്നും നിങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? എന്നാൽ ഒരുകാര്യം പ്രത്യേകം പറയാതിരിക്കാൻ കഴിയില്ല: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം വിവാഹം മാത്രമല്ലെന്നതു തന്നെ. നമ്മുടെ നിയമങ്ങൾ അനുവദിക്കുന്ന നിലയിലെ വിവാഹങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും ആകാമല്ലോ!
ആണിനോ പെണ്ണിനോ വിവാഹമൊന്നുമില്ലാതെയും ഒരുമിച്ചു കഴിയാനും നിയമതടസ്സമില്ലെന്നു പറയുന്ന വ്യവസ്ഥിതിയിൽ ഒരു വിവാഹമെങ്ങനെയാണ് മഹാസംഭവമാകുന്നത്?
മറിച്ച്, വിവാഹബന്ധത്തിലേർപ്പെടാൻ തീരുമാനിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന ജീവിതസാഹചര്യം സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാന സംഗതി. ഇതിന്റെ പരിധിയിൽ വരുന്നത് സാമ്പത്തിക ഭദ്രത മാത്രമല്ല, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്‌നേഹപൂർവമുള്ള പിന്തുണ, ദൈനംദിനം അവർ ഇടപഴകുന്ന സമൂഹത്തിന്റെ പൊതുവായ അംഗീകാരം, സമൂഹത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളോടുള്ള ദമ്പതികളുടെ നിലപാടുകൾ, സർവോപരി മനുഷ്യസ്‌നേഹവും, നന്മയോടുള്ള ദമ്പതികളുടെ പ്രത്യേക ആഭിമുഖ്യവുമൊക്കെയാണ് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുവാൻ അവരെ പ്രാപ്തരാക്കുന്നത് എന്ന തിരിച്ചറിവ് വളരെ വിലപ്പെട്ടതാണ്!
മർത്യ ജീവിതത്തിലുടനീളം വൈരുദ്ധ്യങ്ങളുടെ കൂമ്പാരങ്ങളാണെന്ന സത്യം പറഞ്ഞ മർത്യൻ, വെറുതെയൊരു തമാശ പറഞ്ഞതല്ലെന്നു മനസ്സിലാക്കുന്നതിന്, അഭിമുഖമായി നിൽക്കുന്ന നവദമ്പതികളെ നോക്കിയാൽ മതി: കാരണം, വധുവിന്റെ വലതായിരിക്കുമല്ലോ വരന്റെ ഇടത്! ഇപ്രകാരമൊരു വൈരുദ്ധ്യം ജീവിതത്തിലുടനീളം പരസ്പരം മനസ്സിലാക്കി മുന്നേറിയാൽ സംഗതി വിജയിക്കും. അല്ലെങ്കിൽ പരിക്കുകൾ പറ്റാനാണ് സാദ്ധ്യത.
നമ്മുടെ സംസ്ഥാനത്തെ ഒരു മഹാക്ഷേത്രത്തിൽ വച്ച് താലികെട്ടു നടത്തിയശേഷം, മറ്റൊരു ജില്ലയിൽ പ്രത്യേകം തയ്യാറാക്കിയ അതിഗംഭീരമായ താത്കാലിക വിവാഹമണ്ഡപത്തിൽ വച്ച് വിവാഹത്തിന്റെ തുടർന്നുള്ള ചടങ്ങുകൾക്കായി വധുവും വരനും ബന്ധുക്കളും ഹെലികോപ്ടറുകളിലെത്തി. അത്യാർഭാടപൂർവ്വം വിവാഹം പൊടി പൊടിച്ചു. പിന്നെ, കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് ആ ദമ്പതികളെ കുടുംബ കോടതി പരിസരത്തുവച്ച് ഇരു സംഘം ബന്ധുമിത്രാദികളോടൊപ്പം യുദ്ധസമാനമായൊരു അന്തരീക്ഷത്തിൽ കാണാനിടയായത്. പരസ്പര സ്‌നേഹവും, സൗഹൃദവും നഷ്ടപ്പെട്ട ദാമ്പത്യങ്ങൾ അങ്ങനെ പോകുന്നു.
എന്നാലും ക്ഷണിക്കുന്ന വിവാഹ ചടങ്ങുകളിലൊക്കെ പങ്കെടുക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. കാരണം നമ്മുടെ സ്‌നേഹിതരും ബന്ധുക്കളുമാണല്ലോ നമ്മളെ വിവാഹത്തിനു ക്ഷണിക്കുന്നത്. അപ്പോൾ അവരിൽ ചിലർ അപ്രകാരം അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിൽ നമ്മൾ അവിടെയെത്തണ്ടേ? 'അതുവരെ ഒരു അപസർപ്പക കഥ കേൾക്കുന്നതു പോലെ പ്രഭാഷണം കേട്ടുകൊണ്ടിരുന്ന സദസ്യരിൽ മിക്കവരും പ്രഭാഷകനൊപ്പം കൂട്ടച്ചിരിയിൽ പങ്കുചേർന്നു.