
അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും അഭിനയിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' തിയേറ്ററുകളിലെത്താൻ മൂന്ന് മാസം ശേഷിക്കെ, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
പൃഥ്വിരാജും ഈ സിനിമയുടെ ഭാഗമാകുന്നുവെന്നതാണ് മലയാളികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. ടീസറിൽ പൃഥ്വിയുടെ മുഖം കാണിക്കുന്നില്ല. ശബ്ദം കൊണ്ട് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വി വില്ലനായിട്ടാണ് എത്തുന്നതെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.
പൃഥ്വിയുടെ ഇൻട്രോ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. 'പ്രളയം സർവനാശം വിതയ്ക്കുന്ന മഹാപ്രളയം' എന്ന് പറഞ്ഞുകൊണ്ട് മലയാളത്തിൽ ആരംഭിക്കുന്ന ടീസർ പിന്നീട് ഹിന്ദിയിലേക്ക് പോകുകയാണ്.
ഇന്ത്യയ്ക്ക് മേൽ വരാനിരിക്കുന്ന അപകടത്തെക്കുറിച്ചാണ് പൃഥ്വിയുടെ വിവരണം. സിനിമയിൽ പട്ടാളക്കാരായിട്ടാണ് അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും എത്തുന്നത്. ആക്ഷൻ രംഗങ്ങൾ അടങ്ങിയിരിക്കുന്ന ടീസർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് മിനിട്ടുകൾക്കുള്ളിൽ തന്നെ വൈറലായി.