
ബംഗളൂരു: കന്നഡ പണ്ഡിറ്റ് ഹിരേമഗളൂരു കോദണ്ഡരാമ ക്ഷേത്രത്തിലെ പ്രധാന പൂജാരി ശമ്പളം തിരികെ നൽകണമെന്ന് നോട്ടീസ്. കർണാടകയിലെ ചിക്കമംഗളൂരു ജില്ലാ ഭരണകൂടമാണ് നോട്ടീസ് നൽകിയത്. ഇതിൽ പറയുന്നതനുസരിച്ച് ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് നൽകിക്കൊണ്ടിരുന്ന ശമ്പളം കണക്കിലും കൂടുതലായിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി 4,74,000 രൂപ പൂജാരി അധിക ശമ്പളം കൈപ്പറ്റി എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2013-14 മുതൽ 2016-17 വരെയുള്ള കാലയളവിൽ 24,000 വാർഷിക ശമ്പളം നൽകേണ്ട സ്ഥാനത്ത് 90,000 രൂപയാണ് നൽകിയത്. ഇതുപോലെ 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ 48,000 രൂപ വാർഷിക ശമ്പളം നൽകുന്നതിന് പകരം 90,000 രൂപ തെറ്റായി നൽകി എന്നും പറയുന്നു. തഹസിൽദാരുടെ റിപ്പോർട്ട് പ്രകാരമുള്ളതാണ് ഈ കണക്ക്.

ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂജാരിക്ക് തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. ശമ്പളം തെറ്റി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും നോട്ടീസ് നൽകിയിട്ടുണ്ട്. വേണ്ട നടപടി സ്വീകരിക്കണമെന്ന് കർണാടക മന്ത്രി രാമലിംഗ റെഡ്ഡിയും വിഷയത്തിൽ പ്രതികരിച്ചു.