
വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നതും അവിടെതന്നെ സ്ഥിരതാമസമാക്കുന്നതും സ്വപ്‌നം കാണുന്നവരാണ് ഇന്നത്തെ തലമുറയിൽ ഏറെപ്പേരും. ഉയർന്ന ജീവിത സൗകര്യങ്ങളും ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് രാജ്യം വിട്ട് വിദേശത്ത് ചേക്കേറാൻ പലരെയും പ്രേരിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് കാനഡ. അടുത്തിടെ ഇന്ത്യയുമായി നയതന്ത്ര പ്രശ്‌നങ്ങൾ ഉടലെടുത്തെങ്കിലും കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഇന്നും നിരവധിയാണ്.
കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ ലഭിക്കുന്നത് താരതമ്യേന എളുപ്പമായതിനാൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് ഇന്ത്യൻ യുവാക്കളുടെ ഇഷ്ടരാജ്യമാണ് കാനഡ. അതിനാൽ തന്നെ വർഷാവർഷം കാനഡയിലെത്തുന്ന വിദേശികളുടെ എണ്ണവും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ തദ്ദേശീയർക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നതിന് കാരണമാവുന്നു.
ഇക്കാരണത്താൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾക്ക് രണ്ട് വർഷത്തെ പരിധി ഏർപ്പെടുത്തുന്നതായി കഴിഞ്ഞദിവസം കാനഡ പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന താമസ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായാണ് പരിധി ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം. 2024ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവ് വരുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം മാത്രം ഒരു ദശലക്ഷം വിദ്യാർത്ഥി പെർമിറ്റുകളാണ് കാനഡ അനുവദിച്ചത്. ഒരു ദശാബ്ദത്തിന് മുൻപ് അനുവദിച്ചതിനേക്കാൾ മൂന്നിരട്ടിയാണിത്.
സർക്കാരിന്റെ പുതിയ പദ്ധതി
വിദ്യാർത്ഥി വിസകളിൽ രണ്ടുവർഷത്തെ താത്‌കാലിക നിയന്ത്രണം ഏർപ്പെടുത്താനാണ് കനേഡിയൻ സർക്കാരിന്റെ നീക്കം. അതിനാൽ തന്നെ ഈ വർഷം ഏകദേശം 364,000 വിദ്യാർത്ഥി വിസകൾ മാത്രമായിരിക്കും അനുവദിക്കുക. കഴിഞ്ഞവർഷമിത് 560,000 ആയിരുന്നു. എന്നാൽ 2025ൽ വിസാപരിധി പുനരാലോചിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി വ്യക്തമാക്കുന്നു.
കാനഡയിലെ താൽകാലിക താമസ സൗകര്യങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നതിനും കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ അമിത വർദ്ധനവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനും, 2024 മുതൽ രണ്ട് വർഷത്തേക്ക് വിസാപരിധി ഏർപ്പെടുത്തുന്നുവെന്നാണ് മന്ത്രി വിശദീകരിച്ചത്.
പുതിയ നടപടികളെത്തുടർന്ന് കരിക്കുലം ലൈസൻസിംഗ് ക്രമീകരണത്തിന്റെ ഭാഗമായി കോഴ്‌സ് ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള പെർമിറ്റിന് സെപ്തംബർ മുതൽ ഇനി അർഹതയുണ്ടായിരിക്കില്ല. പൊതു കോളേജിന്റെ പാഠ്യപദ്ധതി പിന്തുടരാൻ സ്വകാര്യ കോളേജിന് ലൈസൻസ് നൽകുന്ന ക്രമീകരണമാണ് നിർത്തലാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിനുള്ള എളുപ്പവഴിയാണ് അടയാൻ പോകുന്നത്.
എന്തുകൊണ്ടാണ് കാനഡ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്?
അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വർദ്ധനവ് രാജ്യത്ത് താമസസൗകര്യങ്ങളുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ചതാണ് പുതിയ നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇത് ഭവന വാടക ഉയരുന്നതിനും കാരണമായത് തദ്ദേശീയരെയും പ്രതിസന്ധിയിലാക്കുന്നു. ഡിസംബറിൽ വീട്ടുവാടക മുൻവർഷത്തെ അപേക്ഷിച്ച് 7.7ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യം താമസ പ്രതിസന്ധി നേരിടുമ്പോൾ കാനഡയിലേക്ക് സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് സർക്കാരിനുമേൽ സമ്മർദ്ദമുണ്ടാക്കുകയാണ്. താങ്ങുവില വർദ്ധിച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഇടിയുന്നതിനും കാരണമായി.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ചില സ്വകാര്യ കോളേജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉയർന്ന ഫീസ് വാങ്ങി പരിമിതമായ സൗകര്യങ്ങൾ മാത്രം നൽകി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കുമോ?
2022ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം കാനഡയിലെത്തുന്ന 40 ശതമാനം വിദേശ വിദ്യാർത്ഥികളും ഇന്ത്യയിൽ നിന്നാണ്. 12 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. അതിനാൽ തന്നെ രണ്ട് വർഷത്തെ വിദ്യാർത്ഥി വിസാ നിയന്ത്രണം കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും.
2022ൽ കാനഡയിൽ സ്റ്റഡി പെർമിറ്റ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ആദ്യ പത്തിൽ ഇന്ത്യയാണ് ഒന്നാമത്. 319,000 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞവർഷം പെർമിറ്റ് ലഭിച്ചത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കംമൂലം വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം. ജീവനക്കാരുടെ കുറവുമൂലം ഇരുരാജ്യങ്ങളിലെയും എംബസിയുടെ പ്രവർത്തനം തകരാറിലായതിനാൽ തർക്കം നേരത്തെ തന്നെ വിസ മുടങ്ങിക്കിടക്കുന്നതിന് ഇടയാക്കിയിരുന്നു.
അതേസമയം, പുതിയ നടപടി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 16.4 ബില്യൺ ഡോളറാണ് സംഭാവന ചെയ്യുന്നത്. കാനഡയിലുടനീളമുള്ള റെസ്റ്റോറന്റുകൾ നിലവിൽ ഏകദേശം 100,000 ഒഴിവുകളുടെ തൊഴിൽ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിൽ 1.1 ദശലക്ഷം തൊഴിലാളികളിൽ 4.6 ശതമാനവും അന്തർദ്ദേശീയ വിദ്യാർത്ഥികളാണ്.
കനേഡിയൻ ബാങ്കുകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തുന്നതിൽ നിന്ന് പ്രയോജനം അനുഭവിച്ചിരുന്നു. ഓരോ വിദ്യാർത്ഥിയ്ക്കും 20,000 ഡോളറിൽ കൂടുതൽ ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നത് കാനഡയിൽ വിസ നേടുന്നതിനുള്ള വ്യവസ്ഥയാണ്. അതിനാൽ തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഇടിയുന്നത് കനേഡിയൻ ബാങ്കിംഗ് മേഖലയെയും ബാധിക്കും.