naked

ടോക്കിയോ: ജപ്പാനിൽ പുരുഷന്മാരുടെ നഗ്ന ഉത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കും പങ്കെടുക്കാൻ അവസരം. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവ പട്ടണത്തിലെ കൊനോമിയ ദേവാലയം സംഘടിപ്പിക്കുന്ന നഗ്ന ഉത്സവത്തിലാണ് സ്ത്രീകൾക്കും പങ്കെടുക്കാൻ അവസരം നൽകുന്നത്. 1650 വർഷത്തെ ചരിത്രമാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.

ഇക്കൊല്ലം ഫെബ്രുവരി 22 നാണ് നഗ്ന ഉത്സവം നടക്കുന്നത്. ഇതിൽ 10,000 പുരുഷന്മാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാൽപ്പത് സ്ത്രീകൾക്ക് മാത്രമാണ് ഇത്തവണ പങ്കെടുക്കാൻ അവസരം നൽകുന്നത്. ഇപ്പോഴത്തെ അനുഭവം വിലയിരുത്തിയശേഷം മാത്രമായിരിക്കും തുടർന്നങ്ങോട്ട് കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കൊവിഡ് പ്രതിസന്ധിമൂലം മൂന്നുവർഷമായി നഗ്ന ഉത്സവം നടത്തിയിരുന്നില്ല. ഈ വർഷം ഉത്സവം വീണ്ടും നടത്താൻ തീരുമാനിച്ചപ്പോൾ തങ്ങൾക്കും പങ്കെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് നിരവധി സ്ത്രീകൾ ക്ഷേത്രം അധികൃതരെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സ്ത്രീകൾക്കും അവസരം നൽകാൻ തീരുമാനിച്ചത്.

ഉത്സവത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ അടിവസ്ത്രങ്ങൾക്ക് സമാനമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളൂ എങ്കിലും സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിർബന്ധമുണ്ട്. ഓവർകോട്ടും ഒഴിവാക്കാനാവില്ല. സമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് എന്നാണ് തീരുമാനത്തെ സ്ത്രീസംഘടനകൾ വിലയിരുത്തുന്നത്. അതേസമയം വേഷത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് മാത്രമായി നിബന്ധനകൾ ഏർപ്പെടുത്തിയത് ശരിയായില്ലെന്നാണ് ചില സ്ത്രീകൾ പറയുന്നത്.

അതിവിചിത്രം ഈ ഉത്സവം

'ഹഡാകാ മട്‌സുരി' എന്നറിയപ്പെടുന്ന നഗ്നരുടെ ഉത്സവം എല്ലാ തരത്തിലും അതി വിചിത്രമാണ്. എല്ലാവർഷവും ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയാണ് ഉത്സവം നടത്തുന്നത്. നല്ല വിളവ് ലഭിക്കാനും സമ്പൽ സമൃദ്ധിക്കും വേണ്ടിയാണ് ഇത് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ പേരിൽ നഗ്നത ഉണ്ടെങ്കിലും ഇതിൽ പങ്കെടുക്കുന്ന ആരും പൂർണ നഗ്നരാകുന്നില്ല. അടിവസ്ത്രത്തിന് സമാനമായി അരമറയ്ക്കുന്ന വെള്ള വസ്ത്രവും അതേനിറത്തിലുള്ള സോക്സുമാണ് ഇതിൽ പങ്കെടുക്കുന്നവരുടെ വേഷം. ഇവർ കൂട്ടംചേർന്ന് ഓടും. ക്ഷേത്രവളപ്പിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഒരു കുളത്തിലായിരിക്കും ഈ ഓട്ടം അവസാനിക്കുക. തണുത്ത ജലം നിറഞ്ഞ ഈ കുളത്തിൽ ഇറങ്ങി ശരീരം വൃത്തിയാക്കിയശേഷമാണ് പ്രധാന ചടങ്ങുകളിൽ പങ്കെടുക്കേണ്ടത്.

naked

രാത്രി പത്തുമണിയോടെയാണ് പ്രധാന ചടങ്ങ് നടക്കുക. ഉത്സത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ ക്ഷേത്രത്തിലെ പ്രധാന പൂജാരി ചുള്ളിക്കമ്പുകളുടെ കെട്ടുകൾ വലിച്ചെറിയും. ഇത് പിടിച്ചെടുക്കാനാവും പിന്നത്തെ ശ്രമം. ഈ കമ്പുകൾ കൈവശം ഉണ്ടെങ്കിൽ എല്ലാതരത്തിലും ഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. അതിനാൽത്തന്നെ കമ്പുകൾ കൈക്കലാക്കാൻ കടുത്ത മത്സരമാണ്. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കും. എങ്കിലും മത്സരത്തിൽ നിന്ന് അവരാരും പിന്മാറില്ല. തീരെ അവശരാകുന്നവർ മാത്രമാണ് പിന്മാറുന്നത്.

കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം നടത്തുന്നതിനാൽ ഇത്തവണ ഉത്സവത്തിൽ പങ്കെടുക്കാൻ ഇത്തവണ കൂടുതൽപ്പേർ ഉണ്ടാവും എന്നാണ് കരുതുന്നത്. അതിനുവേണ്ട നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.