
ന്യൂഡൽഹി: പുതിയതായി നിർമിച്ച ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം. മുംബയ് -അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലുടെയാണ് റെയിൽവേ മന്ത്രാലയം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. റിവർ ബ്രിഡ്ജിന്റെ നിർമാണം ഈ വർഷം ഓഗസ്റ്റോടുകൂടി പൂർത്തിയാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുളള മനോഹരമായ യാത്ര ഉടനെന്ന് വ്യക്തമാക്കിയാണ് മന്ത്രാലയം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2021 നവംബർ മുതലാണ് റിവർ ബ്രിഡ്ജിന്റെ നിർമാണം ആരംഭിച്ചത്. ഔറംഗ, പാർ, പൂർണ, മിൻദോല, അംബിക,വെൻഗണിയ തുടങ്ങിയ ആറ് പുഴകളുടെ മുകളിലൂടെയാണ് റിവർ ബ്രിഡ്ജ് കടന്നുപോകുന്നത്. ഗുജറാത്തിലെ വാപിയിലെയും ബിലിമോറയിലെയും അതിവേഗ റെയിൽവേ സ്റ്റേഷനുകളുമായാണ് റിവർ ബ്രിഡ്ജ് ബന്ധിപ്പിച്ചിരിക്കുന്നത്.
Blending nature's beauty with technological marvels
— Ministry of Railways (@RailMinIndia) January 23, 2024
The Auranga Bridge in Valsad, Gujarat, paves the way for the future of travel with the #BulletTrain pic.twitter.com/jK6j63dnip
40 മീറ്ററുകൾ വീതമുളള എട്ട് ഗർഡറുകൾ (ഇരുമ്പിൽ നിർമിച്ച വലിയ ബീമുകൾ) പുതിയ പദ്ധതിക്കായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് മീറ്റർ വ്യാസത്തിലുളള ഏഴോളം പിയറുകൾ (പാലത്തെ താങ്ങിനിർത്തുന്ന തൂണുകൾ), 5.5 മീറ്റർ വ്യാസമുളള രണ്ട് പിയറുകൾ ഉപയോഗിച്ചാണ് നിർമാണം.
മുംബയ് അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന്റെ കീഴിൽ പ്രധാനമായും 24 റിവർ ബ്രിഡ്ജുകളാണ് നിലവിലുളളത്. അതിൽ 20 എണ്ണവും ഗുജറാത്തിലാണ്. ബാക്കിയുളളവ മഹാരാഷ്ട്രയിലുമാണ്. 1.08 ലക്ഷം കോടി രൂപയാണ് ബ്രിഡ്ജ് നിർമിക്കാൻ ആകെ ചെലവാകുന്നത്. ഇതിൽ പതിനായിരം കോടി രൂപ നൽകാൻ കേന്ദ്രം തയ്യാറാണ്. ഗുജറാത്ത് സർക്കാരും മഹാരാഷ്ട്ര സർക്കാരും 5000 കോടി രൂപ വീതമാണ് നൽകുന്നത്. അവശേഷിക്കുന്ന തുക ജപ്പാനിൽ നിന്നും ലോണെടുക്കാനാണ് നിലവിലെ തീരുമാനം.