
തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പണവും സ്വർണവും മോഷ്ടിച്ചു. വർക്കല ഹരിഹരപുരം എൽപി സ്കൂളിന് സമീപത്തെ വീട്ടിലെ മൂന്നുപേർക്കാണ് വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകിയ ശേഷം മോഷണം നടത്തിയത്. അക്രമത്തിനിരയായ മൂന്നുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണം നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാൾ സ്വദേശിനിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി (74), മരുമകൾ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയത്. ഇവരെ മയക്കിക്കിടത്തിയ ശേഷം നേപ്പാൾ സ്വദേശിയായ യുവതിയും ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരും ചേർന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. 15ദിവസമായി ഇവിടെ നേപ്പാൾ സ്വദേശി ജോലിക്കുവരുന്നുണ്ടായിരുന്നു.
ശ്രീദേവിയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. അമ്മയെയും ഭാര്യയെയും ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മകൻ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ മോഷ്ടാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. ഇതിലൊരാളെ നാട്ടുകാർ അപ്പോൾ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും നേപ്പാൾ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടേയും മറ്റ് രണ്ട് പേരുടേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.