mamata

കൊൽക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം പരിഗണിക്കുകയുള്ളു എന്നും അവർ പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇന്ത്യ സഖ്യത്തിനുണ്ടായിരുന്ന പ്രതീക്ഷകൾക്കേറ്റ പ്രഹരമായി മാറിയിരിക്കുകയാണ് ഈ പ്രഖ്യാപനം.

കോൺഗ്രസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ബംഗാളിൽ ഞങ്ങൾ ഒറ്റയ്‌ക്ക് മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ഇന്നലെ ഭാരത് ജോ‌ഡോ ന്യായ് യാത്രയിൽ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല. രാഹുലിന്‍റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗം തന്നെയാണെന്നും മമത ബാനര്‍ജി പറഞ്ഞു.