
മലൈക്കോട്ടൈ വാലിബൻ സിനിമയിലെ പുന്നാരക്കാട്ടിലെ പൂവനത്തിൽ എന്ന ഗാനം വൻതരംഗം തീർത്തതിന്റെ ആഹ്ളാദത്തിൽ അഭയ ഹിരൺമയി . ആദ്യമായി മോഹൻലാൽ സിനിമയിൽ പാടിയ പാട്ട്. ഖൽബില് തേനൊഴുകണ കോയിക്കോട്, നാക്കു പെന്റ നാക്കു ടാകാ തുടങ്ങി വേറിട്ട പാട്ടുംവ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ശ്രോതാക്കളുടെ ഹൃദയത്തിൽ കയറിക്കൂടിയ അഭയ ഹിരൺമയി അഭിനയരംഗത്തേക്കും ചുവടുവച്ചു. ജോജു ജോർജ് സംവിധായകന്റെ കുപ്പായം അണിയുന്ന പണി സിനിമയിൽ അഭയ ഹിരൺമയി അഭിനേത്രിയാണ്. പാട്ടിന്റെയും അഭിനയത്തിന്റെയും ജീവിതത്തിന്റെയും വിശേഷങ്ങൾ അഭയ ഹിരൺമയി പങ്കുവച്ചു.
മോഹൻലാൽ സിനിമയിൽ പാടാൻ വിളിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞോ?
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള, രണ്ട് വർഷമായി പ്രേക്ഷകർ കാത്തിരുന്ന വലിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ആ സിനിമയിൽ പാടാൻ അവസരം ലഭിക്കുമെന്ന് വിചാരിച്ചില്ല. അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച് ചിന്തിച്ചില്ല. സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയ്ക്ക് വേണ്ടി പാടുമ്പോഴും അത് വാലിബനു വേണ്ടിയാണെന്ന് കരുതിയില്ല. സിനിമ വലുതാകുംതോറും അതിലെ ആർട്ടിസ്റ്റുകളും പിന്നണിയിൽ പ്രവർത്തിച്ചവരും കൂടെ വലുതാകുകയാണ്. ഞാൻ പാടിയ പാട്ട് വളരെ മനോഹരമായി ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത്രയും തിയേറ്ററുകളിലെ വലിയ സ്ക്രീനിൽ എന്റെ പാട്ട് വരുന്നു എന്നത് വളരെയധികം സന്തോഷമാണ്. മോഹൻലാൽ എന്ന അതുല്യ നടൻ അഭിനയിക്കുന്ന സിനിമയിൽ പാടണം എന്നത് പലരുടെയും സ്വപ്നമാണല്ലോ. ലാലേട്ടൻ തന്നെ വളരെ പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ്. എന്റെ പാട്ടാണ് ആദ്യം റിലീസ് ചെയ്തത്. എല്ലാവരും നോക്കിയിരുന്ന പാട്ട്. നല്ല ട്രെൻഡിംഗായി മുന്നോട്ട് പോകുന്നു. വാലിബനായി ലാലേട്ടൻ എന്താണ് സിനിമയിൽ ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും ഉറ്റുനോക്കിയ പാട്ടാണ്. അത്രമാത്രം ആകാംക്ഷയുണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയിൽ പ്രേക്ഷകർക്ക് ആകാംക്ഷയും പ്രതീക്ഷയും ഉണ്ടാകും.
കരിയറിലെ ഏറ്റവും മികച്ച യാത്രയാണോ നടത്തുന്നത് ?
എനിക്ക് അറിയില്ല.എന്നാൽ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയാണ് നടത്തുന്നത് എന്നറിയാം. എന്റെ കരിയർ ഇനിയും വികസിക്കാനും വളരാനും പോകുന്നതേയുള്ളു. അതുകൊണ്ട് ഇതിലും വലിയ കാര്യങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതിലും മികച്ച അവസരങ്ങളും നേട്ടങ്ങളും കരിയറിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഉള്ളിലെ ഗായികയെ തിരിച്ചറിയാൻ വൈകിയോ ?
അതു തിരിച്ചറിയാൻ ഞാൻ വൈകിയില്ല. കുട്ടിക്കാലം മുതൽ പാടാറുണ്ട്. അമ്മയും ബന്ധുക്കളിൽ പലരും സംഗീതജ്ഞരാണ്. സ്വാഭാവികമായും ഞാനും പാട്ട് പാടാൻ കഴിവുള്ള വ്യക്തി തന്നെയാണ്. കുട്ടിക്കാലത്ത് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അതിനെ ഒരു കരിയർ എന്ന രീതിയിൽ ശ്രദ്ധ നൽകാനും ഉപജീവന മാർഗമായി മാറ്റാനും വൈകിയെന്നേയുള്ളൂ. പിന്നെ നേരത്തെ ഈ മേഖലയിലെത്തുക, താമസിച്ചെത്തുക തുടങ്ങിയ വിശ്വാസങ്ങളൊന്നും എനിക്കില്ല. എല്ലാവർക്കും അവരുടേതായ സമയമുണ്ടാകും. ആ സമയത്ത് ശോഭിക്കുക. എന്റെ സമയം ഇപ്പോഴായിരിക്കാം. കുട്ടിക്കാലത്ത് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വലുതാകുമ്പോൾ ഒരു ഗായികയാകണം എന്ന കാര്യത്തെക്കുറിച്ച് ഞാൻ മറ്റു പല ഗായകരെയും പോലെ ചിന്തിച്ചിരുന്നില്ല. കരിയർ മാറുന്നത് എന്റെ മുമ്പത്തെ പങ്കാളിയെ കണ്ടതിനും ഞാൻ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ തുടങ്ങിയതിനും ശേഷമാണ്. അദ്ദേഹം എന്റെ പാടാനുള്ള കഴിവ് മനസിലാക്കുകയും ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ ബ്രേക്കപ്പ് ആകുകയും ചെയ്തു. ഇതാണ് എന്റെ ജീവിതത്തിന്റെയും കരിയറിന്റെയും ഘട്ടങ്ങൾ.
ഏതുതരം പാട്ടുകൾ പാടാനാണ് കൂടുതൽ ഇഷ്ടം?
എല്ലാ പാട്ടുകളും ഇഷ്ടമാണ്. ഞാൻ കേട്ട് ശീലിച്ചത് കർണാടിക് സംഗീതമാണ്. എനിക്ക് കൂടുതൽ വഴങ്ങുന്നതും ഞാൻ പാടി പരിശീലിക്കുന്നതും ആ രീതിയിലെ പാട്ടുകളാണ്. പിന്നെ നാടൻ പാട്ടുകളും ഇഷ്ടമാണ്. അത്തരം പാട്ടുകൾ പാടാനാണ് എന്റെ ശബ്ദത്തെ പരിശീലിപ്പിച്ചിരിക്കുന്നത്. പക്ഷേ എനിക്ക് എല്ലാ തരം പാട്ടുകളും പാടാൻ ഇഷ്ടമാണ്. വെസ്റ്റേൺ സംഗീതം പാടാനും പഠിക്കാനും ഇഷ്ടമാണ്. ഒരു ജോണറിൽ മാത്രമേ പാടുകയുള്ളു എന്നില്ല.
സ്റ്റേജ് ഷോയിലെയും സിനിമയിലെയും പാട്ടുകൾ തമ്മിലുള്ള വ്യത്യാസമെന്താണ് ?
സിനിമയിലെ പാട്ടുകൾ നമുക്ക് ഏത് കാലത്തും കേൾക്കാൻ കഴിയും. അത് സ്റ്റുഡിയോയിൽ പ്രൊസസ്സ് ചെയ്ത് കേൾക്കുന്നതാണ്. സ്റ്റേജിൽ പാടുമ്പോൾ നമ്മുടേതായ രീതിയിലും രൂപത്തിലും അവതരിപ്പിക്കുന്നു. അങ്ങനെ അവതരിപ്പിക്കുമ്പോൾ ഉടൻ തന്നെ അതിനുള്ള പ്രതികരണം ലഭിക്കുന്നു. എന്ത് തരത്തിലുള്ള പാട്ട് പാടാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. സ്റ്റേജ് ഒരു സ്വാതന്ത്ര്യമാണ്. അതിൽ നമുക്ക് എങ്ങനെ വേണമെങ്കിലും പാടാൻ കഴിയും. ആരുടെ പാട്ട് വേണമെങ്കിലും പാടാം. സിനിമയിലെ പാട്ട് ഒരു സംഗീത സംവിധായകൻ പറയുന്നത് പോലെ അദ്ദേഹത്തിന്റെ രീതിയിൽ അതിന് കൊടുക്കേണ്ട ഭാവത്തിൽ പാടണം. അത്തരം വ്യത്യാസങ്ങളെ എനിക്ക് തോന്നിയിട്ടുള്ളൂ.
ഇനി നടി എന്ന വിലാസവും ?
നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കാൻ താത്പര്യമാണ്. ഒരുപാട് പേർ എന്നോട് ചോദിക്കുന്നുണ്ട്. നല്ല കഥാപാത്രമെങ്കിൽ മാത്രമേ അഭിനയിക്കുന്നുള്ളു. ഏറ്റവും പ്രധാനം സംഗീതം തന്നെയാണ്. സംഗീതം കഴിഞ്ഞിട്ടേയുള്ളു മറ്റു കാര്യങ്ങൾ. സംഗീതത്തെ ബാധിക്കാത്ത തരത്തിൽ സിനിമയിൽ സജീവമാകാൻ പറ്റുമെങ്കിൽ അഭിനയിക്കും. പണി എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ സിനിമയെപ്പറ്റി ഇപ്പോഴൊന്നും പറയാൻ കഴിയില്ല. റിലീസ് എത്തുമ്പോൾ പറയാം.
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാറുണ്ടോ?
ഞാൻ നോക്കാൻ ശ്രമിക്കാറില്ല. അതിനെപ്പറ്റി ഓർക്കാൻ ആഗ്രഹിക്കാറില്ല. അതുകൊണ്ട് ഓർമകളും എനിക്ക് അധികമില്ല. ജീവിതത്തിൽ നിന്ന് കിട്ടിയത് പാഠങ്ങളാണ്. എന്നെ സംബന്ധിച്ച് അതിൽ നല്ലത്, മോശം എന്നൊന്നുമില്ല. അതിനെ മനസിലാക്കി മുന്നോട്ട് പോകാറുണ്ട്. നല്ലതിലും മോശത്തിലും സന്തോഷത്തിലും ദുഃഖത്തിലും നിന്ന് അതിന്റേതായ മൂല്യങ്ങൾ കണ്ടെത്താനെ ഞാൻ ശ്രമിക്കാറുള്ളു.