
തിരുവനന്തപുരം: 20 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടിവീതം 20പേർക്ക് രണ്ടാം സമ്മാനവും നൽകുന്ന ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തുവരും. തിരുവനന്തപുരം ഗോർഖിഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
40 ലക്ഷത്തിനുമേൽ ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വിൽപനയ്ക്ക് എത്തിച്ചത്. 6,91,300 പേർക്കാണ് ഏതെങ്കിലുമൊരു സമ്മാനം കിട്ടുക. മൂന്നാം സമ്മാനമായി 30പേർക്ക് പത്തുലക്ഷം വീതവും നാലാം സമ്മാനമായി 20 പേർക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടുലക്ഷം വീതവും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 400രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.കഴിഞ്ഞ വർഷം 16കോടിയായിരുന്നു ഒന്നാം സമ്മാനം.
അതേസമയം, സമ്മർ ബംമ്പർ ലോട്ടറിയുടെ പ്രകാശനവും ധനമന്ത്രി നടത്തും. സമ്മർ ബമ്പറിന്റെ ടിക്കറ്റ് ബ്ലോ അപ്പ് സിനിമാതാരം സോനാ നായർ മന്ത്രിയിൽ നിന്നു ഏറ്റുവാങ്ങും. ആന്റണിരാജു എംഎൽഎ അദ്ധ്യക്ഷ്യത വഹിക്കും. മേയർ ആര്യാരാജേന്ദ്രൻ മുഖ്യാതിഥിയാകും. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർമാരായ മായാ.എൻ.പിള്ള, രാജ് കപൂർ എന്നിവർ സംബന്ധിക്കും.