സീരിയലിൽ നിന്നും സിനിമയിലേക്കെത്തിയത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടി സുചിത്രാ നായർ. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു താരം. ഒരു വർഷത്തെ ഒരുപാട് പേരുടെ പ്രയത്നമാണ് മലൈക്കോട്ടൈ വാലിബനെന്ന് സുചിത്ര പറഞ്ഞു. 'വളരെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഒരുപാട് പുതുമുഖ താരങ്ങൾ ചിത്രത്തിലുണ്ട്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ടീമിനോടൊപ്പം ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ട്. സീരിയലിൽ നിന്ന് ലിജോ സാറെടുത്തോ എന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്. ഇത് പലർക്കും ഇപ്പോഴും ദഹിച്ചിട്ടില്ല'- താരം പറഞ്ഞു.
'മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്നതിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ചെയ്തിട്ടില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്ന വാനമ്പാടി സീരിയലിന് ശേഷം ഒരു നല്ല സിനിമയ്ക്കായി കാത്തിരുന്നു. പല വിളികളും വന്നിട്ടുണ്ടെങ്കിലും സീരിയലിൽ അഭിനയിച്ചതുകൊണ്ട് അവയൊക്കെ ഒഴിവായി പോകുകയായിരുന്നു. സീരിയലിൽ അഭിനയിക്കുന്നവരും സിനിമയിൽ അഭിനയിക്കുന്നവരും കലാകാരൻമാരാണ്. ഇങ്ങനെയൊരു വേർതിരിവ് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ജീവിതത്തിൽ പലപ്രതിസന്ധികളും വന്നിട്ടുണ്ട്. ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ പലകാരണങ്ങളും കൊണ്ട് അത് ബ്രേക്കപ്പായി. അഭിനയിക്കുമ്പോൾ ധരിക്കുന്ന വേഷങ്ങളെ ചൊല്ലിയും അഭിമുഖങ്ങളിൽ പറയുന്ന പലകാര്യങ്ങളും പ്രണയത്തിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്വതന്ത്രയാണ്. നല്ല കുറച്ച് സിനിമകൾ ചെയ്തതിന് ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുളളൂ'- സുചിത്രാ നായർ വ്യക്തമാക്കി.
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ഈ മാസം 25നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആമേനുശേഷം പി എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനിൽ .പി എസ് റഫീഖിന്റേതാണ് തിരക്കഥ. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം സംഗീത സംവിധായകൻ പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം.