geethu

മാതൃസഹോദരി നൽകുന്ന കരുതലും സ്നേഹവും കരുത്തും ഗീതുവിന് പഠനത്തിന് തുണയായി. എം.എ സാമ്പത്തിക ശാസ്ത്രത്തിൽ മൂന്നാം റാങ്ക് ഗീതുവിന്. വക്കം ഇറങ്ങുകടവ് തിട്ടയിൽ വീട്ടിൽ ഗീതുവിന്റെ മാതാവ് പ്രസവത്തോടെ മരിച്ചിരുന്നു. അച്ഛനും ഉപേക്ഷിച്ച ഗീതുവിനെ അന്നുമുതൽ വിവാഹംപോലും വേണ്ടെന്നുവച്ച് സംരക്ഷണം നൽകുന്നത് മാതൃസഹോദരി ഗിരിജാകുമാരിയാണ്.

ഗിരിജ തൊണ്ട് തല്ലി കിട്ടുന്ന വരുമാനത്തിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. കയർ മേഖല പ്രതിസന്ധിയിലായതോടെ ഗിരിജയിപ്പോൾ വീട്ടുജോലിയ്ക്ക് പോവുകയാണ്. ഇതിനിടെ ചെറിയ കൂരയുണ്ടായിരുന്നതും തകർന്നു. ഇവർക്ക് ഗ്രാമപഞ്ചായത്തിൽ നിന്നു വീടിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമ്മാണസാമഗ്രികൾ സ്ഥലത്തെത്തിക്കാൻ കഴിയാതെ വിഷമിച്ചു.

ഗിരിജ ജോലിയ്ക്ക് പോകുന്ന വീട്ടിലെ പുളിവിളാകം സ്കൂൾ പ്രഥമാദ്ധ്യാപിക പൊന്നമ്മ ടീച്ചർ നൽകിയ അഞ്ച് ലക്ഷം രൂപയിലാണ് വീട് പൂർത്തീകരിച്ചത്. ടീച്ചറുടെ ബന്ധുക്കളും മറ്റ് നാട്ടുകാരും സഹായിച്ചാണ് ഗീതുവിന്റെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. എസ് എസ് എൽ സി പരീക്ഷയിൽ ഗീതു ഫുൾ എ പ്ലസ് നേടിയിരുന്നു. ആറ്റിങ്ങൽ കോളേജിൽ നിന്ന് ബി എയ്ക്കും, എം എയ്ക്കും റാങ്കും കരസ്ഥമാക്കി. സിവിൽ സർവീസ് സ്വന്തമാക്കണമെന്നാണ് ഗീതുവിന്റെ ആഗ്രഹം.