
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് XC 224091 വിറ്റത് തിരുവനന്തപുരത്തെന്ന് സൂചന. പാലക്കാട് വിൻസ്റ്റാർ ഗോൾഡൻ ഏജൻസീസ് സബ് ഏജന്റിന് വിറ്റ ടിക്കറ്റ് തിരുവനന്തപുരത്തെ മറ്റൊരു ഏജൻസിയിലേക്കാണ് കൊണ്ടുപോയതെന്നാണ് വിവരം.
തിരുവനന്തപുരം സ്വദേശിയായ ദുരൈരാജാണ് പാലക്കാട് ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലുള്ള ലക്ഷ്മി ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ദുരൈരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കഴിഞ്ഞ 35 വർഷമായി ലോട്ടറി കച്ചവടം നടത്തുന്നു. ഏറ്റവും കൂടുതൽ അടിച്ചത് പത്ത് ലക്ഷം രൂപ. ആദ്യമായിട്ടാണ് ബമ്പർ അടിക്കുന്നത്. 20 കോടി ആദ്യമായിട്ടാണ് വന്നത്'- ദുരൈരാജ് പറഞ്ഞു.
തിരുവനന്തപുരം ഗോർഖിഭവനിൽ വച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 40 ലക്ഷത്തിനുമേൽ ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വിൽപനയ്ക്ക് എത്തിച്ചത്.
മൂന്നാം സമ്മാനമായി 30പേർക്ക് പത്തുലക്ഷം വീതവും നാലാം സമ്മാനമായി 20 പേർക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടുലക്ഷം വീതവും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 400രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.കഴിഞ്ഞ വർഷം 16കോടിയായിരുന്നു ഒന്നാം സമ്മാനം.