idol

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയെ കൂടാതെ നിർമിച്ച രണ്ടാമത്തെ വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബ്ലാക്ക് സ്റ്റോണിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കർണാടക സ്വദേശിയായ ഗണേഷ് ഭട്ടാണ് ശിൽപി. മൈസൂരിലെ ഹെഗഡദേവന കോട്ട പ്രദേശത്തെ കൃഷിസ്ഥലത്ത് നിന്നും ശേഖരിച്ച ബ്ലാക്ക് സ്റ്റോണായ കൃഷ്ണശിലയിൽ നിന്നാണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്.

പ്രധാനമായും മൂന്ന് വിഗ്രഹങ്ങളാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയത്. മൈസൂരിലെ ശിൽപിയായ അരുൺ യോഗിരാജ് തയ്യാറാക്കിയ രാംലല്ലയെയാണ് പ്രധാന പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. രാജസ്ഥാൻ ശിൽപിയായ സത്യനാരായൺ പാണ്ഡെ തയ്യാറാക്കിയ ഒഴിവാക്കിയ വിഗ്രഹത്തിന്റെ ചിത്രങ്ങളും മുൻപ് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ഒഴിവാക്കിയ രണ്ട് വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷ്ഠിക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റ് അധികൃതർ അറിയിച്ചിരുന്നു.

idols

അതേസമയം, ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയെ 2.5 ബില്ല്യൺ വർഷം പഴക്കമുളള കറുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചാണ് തയ്യാറാക്കിയത്. 51 ഇഞ്ച് ഉയരമുളള രാംലല്ല ആയിരം വർഷത്തോളം യാതൊരു കേടുപാടുമില്ലാതെ നിലനിൽക്കുമെന്നും നാഷണൽ ഇൻസ്​റ്റി​റ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിക്സിലെ ഉദ്യോഗസ്ഥനായ എച്ച് എസ് വെങ്കിടേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാലാസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ വിഗ്രഹത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച രാംലല്ലയുടെ കിരീടവും ആടയാഭരണങ്ങളും നിർമ്മിച്ചത് ശതകോടികൾ വിലവരുന്ന സ്വർണം, വജ്രം, മരതകം, മാണിക്യം എന്നിവ ഉപയോഗിച്ചാണ്. 18,567 വജ്രങ്ങളും 2,984 മാണിക്യങ്ങളും, 615 മരതകവും 439 അൺകട്ട് വജ്രങ്ങളും വിഗ്രഹത്തിലുണ്ട്. ആകെ 15 കിലോയിലേറെ സ്വർണമുണ്ട്. 1.7 കിലോ സ്വർണം കൊണ്ടാണ് കിരീടം തീർത്തത്.ആഭരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചത് ലഖ്‌നൗ ഹർസഹൈമൽ ഷിയാംലാൽ ജുവലേഴ്സാണ്. ആഭരണങ്ങൾ ഒരുക്കുന്നതിന് രാമായണം ടിവി സീരിയൽ പ്രചോദനമായെന്ന് ജുവലറി ഉടമ അങ്കുർ ആനന്ദ് പറഞ്ഞു.