
ചെന്നൈ: പുതിയ പേരുകൾ വന്നാലും ഐ.പി.സിയെ അങ്ങനെ തന്നെയെ വിളിക്കുകയുള്ളു എന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്.
നിയമസംഹിതകളുടെ ഹിന്ദിയിലുള്ള പുതിയ പേര് പറയാൻ കഴിയില്ലെന്നും തനിക്ക് ഹിന്ദി അറിയില്ലെന്നും ഉച്ചാരണം കൃത്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഐ.പി.സി, സി.ആർ.പി.സി എന്നു തന്നെ പറയും. അതിന്റെ ഹിന്ദി വാക്കുകൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഒരു കേസിന്റെ വാദത്തിനിടെയായിരുന്നു പരാമർശം. വാദത്തിനിടെ അഭിഭാഷകർ ഐ.പി.സി, സി.ആർ.പി.സി സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തി. സി.ആർ.പി.സിയുടെ പുതിയ ആക്ട് പരിശോധിക്കണമെന്ന് ഒരു അഭിഭാഷകൻ പറഞ്ഞതിനു പിന്നാലെ, അതിന്റെ പുതിയ പേര് എന്താണെന്ന് പറയാമോ എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചോദിച്ചു. എന്നാൽ, അഭിഭാഷകൻ പറയാൻ പ്രയാസപ്പെട്ടു. ഇതിനിടെയായിരുന്നു ജസ്റ്റിസിന്റെ പരാമർശം.
തനിക്ക് ഹിന്ദി അറിയില്ല. തന്റെ ഹിന്ദി ഉച്ചാരണം കൃത്യമാകണമെന്നില്ല. അതുകൊണ്ട് ഇംഗ്ലീഷിൽ തന്നെ തുടരും. അഭിഭാഷകർക്കും സർക്കാരിനും പോലും ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നൊക്കെ പറയാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, ക്രിമിനൽ നടപടി ചട്ടത്തിനു (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ സംഹിത എന്നിങ്ങനെയാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്.