
തിരുവനന്തപുരം: ജനുവരി 22 തിങ്കളാഴ്ചയായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവർ പങ്കെടുത്തിരുന്നു.
പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ദുബായ് ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരണമുണ്ടായിരുന്നു. കെട്ടിടത്തിന് മുകളിൽ ശ്രീരാമന്റെ രൂപം വർണപ്രകാശത്തോടെ കത്തി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ ഈ ചിത്രത്തിന്റെ വാസ്തവം എന്താണെന്ന് പരിശോധിക്കാം.
'916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത്' എന്ന കുറിപ്പോടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്ന് വാർത്ത മാദ്ധ്യമങ്ങൾ നടത്തിയ ഫാക്റ്റ് ചെക്കിലൂടെ മനസിലായത്. ചിത്രം എഡിറ്റ് ചെയ്ത് ചില സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ശ്രീരാമന്റെ രൂപം ബുർജ് ഖലീഫയിൽ തെളിയിച്ചതിന്റെ യാതൊരു ചിത്രങ്ങളോ റിപ്പോർട്ടുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാധാരണ ദിവസങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ ബൂർജ് ഖലീഫ അവരുടെ ഔദ്യോഗിക പേജിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ ചിത്രം പങ്കുവച്ച പോസ്റ്റുകൾ ഒന്നും തന്നെ ഔദ്യോഗിക പേജിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ചിത്രം റിവേഴ്സ് ഇമേജിൽ സെർച്ച് ചെയ്തപ്പോൾ ഇതേ സാമ്യമുള്ള മറ്റൊരു ചിത്രം ലഭിച്ചു. ഈ ചിത്രം ഏഡിറ്റ് ചെയ്ത് ശ്രീരാമന്റെ ചിത്രം ചേർക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ മനസിലായി. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലി എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.