
ലക്നൗ: ഭക്തജനത്തിരക്കുമൂലം അയോദ്ധ്യയിലേക്കുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ലക്നൗവിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കണമെന്നാണ് യോഗി സർക്കാരിന്റെ നിർദേശം.
'നിലവിൽ യാത്രക്കാരെയൊന്നും അയോദ്ധ്യയിലേക്ക് കടത്തിവിടുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അയോദ്ധ്യയ്ക്ക് പുറത്ത് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവുമില്ല.'- ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ക്ഷേത്രം ഇന്നലെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. രാവിലെ ഏഴുമുതൽ 11.30 വരെയും, വൈകിട്ട് രണ്ടുമുതൽ ഏഴ് വരെയുമാണ് ദർശന സമയം. ഇന്നലെ അഞ്ച് ലക്ഷത്തോളം പേരാണ് അയോദ്ധ്യ സന്ദർശിച്ചത്. കൊടും തണുപ്പ് അവഗണിച്ച് പുലർച്ചെ മുതൽ പതിനായിരങ്ങൾ രാംപഥിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപുള്ള പ്രധാന പാതയാണിത്. ദർശനത്തിന് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടതിനാൽ പലരും തൊഴാതെ മടങ്ങി.
ബാരിക്കേഡുകൾ മറികടന്ന് ഭക്തർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരുമാസമെങ്കിലും വൻതിരക്ക് തുടരുമെന്നാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ അടക്കം ഏഴായിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.