wedding

റോം: പണ്ടുകാലത്തെ പോലെയല്ല ഇപ്പോൾ വിവാഹങ്ങൾക്ക് പല തരത്തിലുള്ള ചടങ്ങുകളും ആഘോഷങ്ങളുമാണുള്ളത്. അതിൽ ഭൂരിഭാഗവും നമ്മൾ മലയാളികൾ മറ്റ് സംസ്ഥാനങ്ങലിലെയോ രാജ്യങ്ങളിലെയോ ആചാരങ്ങളെ കണ്ട് അനുകരിക്കുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിലാണ് വിവാഹച്ചടങ്ങിൽ നൃത്തം പോലുള്ള ആഘോഷങ്ങളുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു ആഘോഷം ദുരന്തമായി മാറിയതിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

നൃത്തം ചെയ്യുന്നതിനിടെ വിവാഹവേദി തകർന്ന് വധൂവരന്മാരും അതിഥികളും ഉൾപ്പെടെ മുപ്പതോളം പേരാണ് 25 അടി താഴ്ചയിലേക്ക് വീണത്. ഇറ്റലിയിലെ പിസ്റ്റോയയിലെ പ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തിൽ വച്ചായിരുന്നു വിവാഹം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു വിവാഹവേദി ഒരുക്കിയത്. ഒരുപാടുപേർ കയറിയതോടെ ഭാരം താങ്ങാനാവാതെ വേദി പൊളിഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി. വരനും വധുവും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ചടങ്ങിൽ 150ഓളം പേരെ ക്ഷണിച്ചിരുന്നുവെന്നാണ് വരൻ പൗലോ മുഗ്നൈനിയും വധു വലേരിയ യെബാരയും പറയുന്നത്. 'നൃത്തം ചെയ്ത് സന്തോഷത്തോടെ നിൽക്കുമ്പോഴാണ് സ്റ്റേജ് പൊളിഞ്ഞുവീണത്. ആദ്യം എന്ത് സംഭവിച്ചു എന്ന് മനസിലായില്ല. ചുറ്റും ഇരുട്ടായിരുന്നു. എന്റെ പുറത്തേക്ക് ഒരുപാടുപേർ വന്നുവീണു. പൊളിഞ്ഞ സ്റ്റേജിന്റെ ഭാഗങ്ങളും ശരീരത്തിലേക്ക് വീഴുന്നുണ്ടായിരുന്നു. ' - പൗലോ മുഗ്നൈനി പറഞ്ഞു.

വേദി എങ്ങനെയാണ് തകർന്നുവീണത് എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. ഇത്രയും ബലമായി നിർമിച്ച സ്റ്റേജ് തർന്നത് എങ്ങനെയെന്ന് അറിയില്ലെന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത, തീർത്തും അപ്രതീക്ഷിതമായ അപകടമാണെന്നും വേദിയുടെ നിർമാണത്തിന് നേതൃത്വം നൽകിയയാൾ പറഞ്ഞു.