
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സന്ദർശക പ്രവാഹം തുടരുന്നതിനിടെ ഉത്തർ പ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് പഠന റിപ്പോർട്ടുകൾ.ഈ വർഷം നാല് ലക്ഷം കോടി രൂപ അധിക വരുമാനം വരുമാനം ലഭിക്കുമെന്ന് എസ്.ബി.ഐ റിസർച്ച് പറയുന്നു. 2024-25 സാമ്പത്തിക വർഷം നികുതി പിരിവ് മാത്രം 5,000 കോടിയാവും.
സന്ദർശകരുടെ എണ്ണത്തിൽ അയോദ്ധ്യ, വത്തിക്കാൻ സിറ്രിയെയും മക്കയെയും മറികടക്കുമെന്ന് ഗവേഷണ സ്ഥാപനമായ ജെഫറീസ് പറയുന്നു. വർഷം അഞ്ച് കോടി ആളുകളെങ്കിലും എത്തും. ദിവസം ഒരു ലക്ഷം പേർ. ഇത് മൂന്ന് ലക്ഷം വരെയായി ഉയരാം. ഒരാൾ ശരാശരി 2500 രൂപ ചെലവാക്കിയാൽ അയോദ്ധ്യയിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ മാത്രം 25,000 കോടി വർദ്ധനവുണ്ടാവും.
ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രമായി അയോദ്ധ്യ മാറും. അന്താരാഷ്ട്രതലത്തിൽ മതകേന്ദ്രങ്ങളിൽ മക്കയിലാണ് കൂടുതൽ ആളുകൾ എത്തുന്നത് - രണ്ട് കോടി. സൗദി അറേബ്യക്ക് ഇതിലൂടെ 1200 കോടി ഡോളർ വരുമാനം ലഭിക്കുന്നു. വർഷം 90 ലക്ഷം സന്ദർശകരുള്ള വത്തിക്കാൻ സിറ്റിയുടെ വരുമാനം 31.50 കോടി ഡോളറാണ്.
അയോദ്ധ്യയിലേക്കുള്ള ഭക്തർ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, മഥുര ബങ്കെ ബിഹാരി ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിക്കും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്തും. ഗതാഗതം, ഹോട്ടലുകൾ, പ്രാദേശിക വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയ മേഖലകളിൽ വളർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ വർദ്ധിക്കും. സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഫ്രാൻസ്, അമേരിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ വിനോദസഞ്ചാരത്തിലൂടെ വൻ സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങളാണ്. അയോദ്ധ്യ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും വലിയ പങ്ക് വഹിക്കും.
തിരുപ്പതിയിൽ
1,200 കോടി
തിരുപ്പതി ക്ഷേത്രത്തിൽ വർഷം 2.5 കോടി ഭക്തർ, 1,200 കോടി വരുമാനം
വൈഷ്ണോ ദേവി ക്ഷേത്രത്തിൽ 80 ലക്ഷം സന്ദർശകർ, 500 കോടി വരുമാനം
താജ്‌മഹൽ- 70 ലക്ഷം സന്ദർശകർ, 100 കോടി വരുമാനം
ആഗ്ര ഫോർട്ട്-30 ലക്ഷം സന്ദർശകർ, 27.5 കോടി വരുമാനം