us
യു.എസ്.പവലിയൻ

തിരുവനന്തപുരം: കേരള ഗവൺമെന്റുമായി സഹകരിച്ച് ചെന്നൈയി​ലെ യു.എസ്. കോൺസുലേറ്റ് ജനറൽ സംഘടി​പ്പി​ക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (ജി.എസ്.എഫ്.കെ.) പ്രദർശന മേളയിൽ യു.എസ്.പവലിയൻ സജ്ജമാക്കി​.

നാസ ജ്യോതിർശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാതകുർത്ത, മുഖ്യമന്ത്രി പിണറായി വിജയൻ എന്നി​വർ ചേർന്ന് യു.എസ്. പവലിയൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിൽ നാസയി​ലെ പ്രമുഖ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ പ്രഭാഷണങ്ങൾ നടത്തും. നാസയും സെർച്ച് ഫോർ എക്‌സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (സെറ്റി) ലാബ്‌സും ഉൾപ്പെടെയുള്ള വിഖ്യാതരായ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന പരിസ്ഥിതി, ബഹിരാകാശ ശാസ്ത്രം, ഭൗമേതര ബുദ്ധി എന്നിവ സംബന്ധിച്ച പ്രദർശനങ്ങൾ ഉണ്ടായി​രി​ക്കും.

പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം, സമുദ്രം എന്നീ മേഖലകളിലെ യു.എസ്.-ഇന്ത്യ ശാസ്ത്ര സഹകരണത്തെക്കുറി​ച്ച് ഡോ. ഗുഹാതകുർത്ത മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെ.പി.എൽ.) നാസയുടെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെയും (ഐ.എസ്.ആർ.ഒ.) സിന്തറ്റിക് അപ്പെർച്ചർ റഡാർ (നൈസാർ) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ച് നാസ ശാസ്ത്രജ്ഞർ നടത്തിയ സയൻസ് ചർച്ചകളുടെ പരമ്പരയും പവലിയനി​ൽ സംഘടിപ്പിച്ചു.