
കിടക്കുമ്പോൾ തന്നെ അധികം സമയമെടുക്കാതെ ഉറങ്ങുന്നവർ ഭാഗ്യവാൻമാരാണെന്ന് പറയുന്ന ശൈലി പണ്ടുമുതലേ പറഞ്ഞുവരുന്നതാണ്.സമയം എത്ര വൈകിയിട്ടും ഉറക്കം വരാത്ത അവസ്ഥ ഭീകരമാണ്.അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിൽ ഉറക്കമില്ലായ്മയെക്കുറിച്ച് ചില പ്രധാന വിവരങ്ങൾ പറയുന്നുണ്ട്.പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ആളുകൾ ഉറങ്ങാത്ത രണ്ടാമത്ത രാജ്യം ഇന്ത്യയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ ഉറക്കം ലഭിക്കാത്തത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്.
മികച്ച ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. എന്നാൽ പലർക്കും നല്ല ഉറക്കം ലഭിക്കാതെ വരുന്നു. അതിനുളള കാരണങ്ങളും പലതാണ്.ചിലപ്പോൾ ജോലിഭാരമായിരിക്കാം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ആകാം. ക്ഷീണം,വിശപ്പില്ലായ്മ,പെട്ടന്നുളള ദേഷ്യം,നിരാശ തുടങ്ങിയവയൊക്കെ കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുളള അവസ്ഥയുണ്ടാകുമ്പോൾ ചിലരെങ്കിലും ഡോക്ടർമാരുടെ സഹായം തേടാറുണ്ട്. ശേഷം വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം പലഗുളികകളും കഴിക്കാറുണ്ട്.
മഗ്നീഷ്യം,മെലാടോണിൻ തുടങ്ങിയ പദാർത്ഥങ്ങളടങ്ങിയ മരുന്നുകളാണ് മിക്ക ഡോക്ടർമാരും ഉറക്കക്കുറവിനായി നിർദ്ദേശിക്കാറുളളത്.ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാതുവാണ് മഗ്നീഷ്യം.നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ്,അസ്ഥികളുടെ വളർച്ച,ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങിയവ ക്രമീകരിക്കുന്നതിന് മഗ്നീഷ്യത്തിന്റെ പങ്ക് വളരെ വലുതാണ്. ഉറക്കക്കുറവുളളവർക്കും ഡോക്ടർമാർ മഗ്നീഷ്യം അടങ്ങിയ ഗുളികകൾ നിർദ്ദേശിക്കാറുണ്ട്.എന്നാൽ ഇത് സ്ഥിരമായി കഴിക്കുന്നത് തുമ്മൽ,ഛർദ്ദി,ഡയേറിയ പോലുളള അവസ്ഥയുണ്ടാകാൻ കാരണമാകും.അതുപോലെ സ്ലീപ്പിംഗ് ഹോർമോൺ എന്നറിയപ്പെടുന്ന മെലാടോണിൻ അടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് തലവേദന,തളർച്ച,മൂത്രാശയ രോഗങ്ങൾ,മലബന്ധം.വയറുവേദന തുടങ്ങിവ ഉണ്ടാകാൻ കാരണമാകും.
നല്ല ഉറക്കത്തിന്
സ്ഥിരമായി വ്യായാമം ചെയ്യുക.
കൃത്യമായ അളവിൽ വെളളം കുടിക്കുക.
വിദഗ്ദ്ധരുടെ അഭിപ്രായം തേടുക.