cricket

ഇന്ത്യ - ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കം

വിരാട് കൊഹ്‌ലിക്ക് പകരം രജത് പാട്ടീദാർ ഇന്ത്യൻ ടീമിൽ

ഹൈദരാബാദ് : പാകിസ്ഥാൻ വംശജനായ ഇംഗ്ളണ്ട് താരം ഷൊയ്‌ബ് ബഷീറിന്റെ വിസയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ഹൈദരാബാദ് ഉപ്പൽ രാജീവ് ഗാന്ധി ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ തുടക്കമാകും.

രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കൊഹ്‌ലി ഉണ്ടാവില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിരാട് വിട്ടുനിൽക്കുകയാണ്. വിരാടിന് പകരം രജത് പാട്ടീദാറിനെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ളേയിംഗ് ഇലവനിൽഉണ്ടാകുമെന്ന് ഉറപ്പില്ല. കെ.എൽ രാഹുലിനെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായാണ് ഈ പരമ്പരയിൽ കളിപ്പിക്കുകയെന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായി ശ്രീകാർ ഭരതും ധ്രുവ് ജുറേലുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. സീനിയർ താരം ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. ലോകകപ്പിനിടെ പരിക്കേറ്റിരുന്ന സ്റ്റോക്സ് ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. സീനിയർ താരങ്ങളായ പേസർ ജെയിംസ് ആൻഡേഴ്സൺ, ജോ റൂട്ട്,ജാക്ക് ലീച്ച്,ജോണി ബെയർസ്റ്റോ, സാക്ക് ക്രാവ്‌ലി,മാർക്ക് വുഡ്,ഒല്ലി പോപ്പ് തുടങ്ങിയവർ സ്റ്റോക്സിന് ഒപ്പമുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് ഹാരി ബ്രൂക്കിനും വിസ പ്രശ്നത്തെത്തുടർന്ന് ഷൊയ്ബ് ബഷീറിനും ഇന്ത്യയിലെത്താൻ കഴിയാത്തത് ഇംഗ്ളണ്ടിന് തിരിച്ചടിയാണ്.

ബസ്ബാൾ Vs സ്പിൻ ബൗളിംഗ്

ഇംഗ്ളണ്ട് പരിശീലകനായ മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലം ആവിഷ്കരിച്ച ബസ്ബാൾ തന്ത്രം ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ വിജയിക്കുമോ എന്നതാണ് ഈ പരമ്പരയിലൂടെ ആരാധകർ ഉറ്റുനോക്കുന്നത്.

ടെസ്റ്റിൽ ഏകദിന ശൈലിയിൽ ആക്രമിച്ച് കളിക്കുന്നതാണ് ബസ്ബാൾ തന്ത്രം. അവസാന പന്തുവരെ വിട്ടുകൊടുക്കാതെ പൊരുതുകയും ഒന്നാം ദിവസം തന്നെ മികച്ച സ്കോറിലെത്തി ഡിക്ളയർ ചെയ്യുകയുമൊക്കെയായി എതിരാളികളെ അമ്പരപ്പിക്കുന്ന ശൈലിയാണിത്.

ബെൻ സ്റ്റോക്സിനെയും ജോണി ബെയർ സ്റ്റോയേയും ജോ റൂട്ടിനെയും പോലുള്ള ആക്രമണകാരികളായ ബാറ്റർമാരാണ് ഇതിന്റെ മുന്നണിപ്പോരാളികൾ. പരമ്പരയിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്ക് വേഗത്തിൽ റൺ നേടുന്നതിൽ സ്പെഷ്യലിസ്റ്റായിരുന്നു.

എന്നാൽ സ്പിൻ ബൗളിംഗിനെ കണക്കറ്റ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചുകളിൽ ഇംഗ്ളണ്ടിന്റെ 'എടുത്തുചാട്ടം" എത്രകണ്ട് ഫലപ്രദമാകുമെന്നാണ് വിദഗ്ധർ ചോദിക്കുന്നത്. ഇന്ത്യൻ നിരയിൽ മികച്ച സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ,കുൽദീപ് യാദവ്,അക്ഷർ പട്ടേൽ എന്നിവരുള്ളത് ഇംഗ്ളണ്ടിന് വലിയ വെല്ലുവിളിയാണ്.

ഇംഗ്ളണ്ടിന് സ്പിന്നർമാരായി ജാക്ക് ലീച്ച്, രെഹാൻ അഹമ്മദ്,ടോം ഹാർട്ട്‌ലി,ജോ റൂട്ട് എന്നിവരാണുള്ളത്. ലീച്ചും റൂട്ടും ഇന്ത്യൻ പിച്ചുകളിൽ പരിചയസമ്പന്നരാണ്. ഇന്ത്യയും നാലു സ്പിന്നർമാരെ കളിപ്പിക്കാനാണ് സാദ്ധ്യത.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,കെ.എൽ രാഹുൽ,യശസ്വി ജയ്സ്വാൾ, രജത് പാട്ടീദാർ, രവിചന്ദ്രൻ അശ്വിൻ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ,ശ്രേയസ് അയ്യർ, ശ്രീകാർ ഭരത്,ധ്രുവ് ജുറേൽ,ആവേഷ് ഖാൻ,കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ,അക്ഷർ പട്ടേൽ.

ഇംഗ്ളണ്ട് : ബെൻ സ്റ്റോക്സ് (ക്യാപ്ടൻ), ജെയിംസ് ആൻഡേഴ്സൺ,ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ, സാക്ക് ക്രാവ്‌ലെ, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്,ടോം ഹാർട്ട്‌ലി, ഡാൻ ലോറൻസ്,ജാക്ക് ലീച്ച്,ഒല്ലി പോപ്പ്,രെഹാൻ അഹമ്മദ്,ഒല്ലീ റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്.

9.30 am മുതൽ സ്പോർട്സ് 18 ചാനലിൽ ലൈവ്. ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ്.