
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 16ന് തുടങ്ങുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, മുഖ്യമന്ത്രിയോട് ഉരിയാടാതെയും തെരുവിലിറങ്ങി വെല്ലുവിളിച്ചും ഇടഞ്ഞ് നിൽക്കുന്ന ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം ഒരു വശത്ത്. സംസ്ഥാനത്തെ പൊറുതി മുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ സർക്കാർ നടത്തുന്ന ഡൽഹി സമരത്തിന് കോപ്പ് കൂട്ടുന്ന ഭരണപക്ഷം മറുവശത്ത്. നവകേരള സദസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിനെ നടന്ന അക്രമങ്ങളും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ടുകളും ആയുധമാക്കി സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷം.
കൗതുകവും ആകാംക്ഷയും ഉണർത്തുന്നതാണ് നിയമസഭയുടെ ഇന്നാരംഭിക്കുന്ന ഈ വർഷത്തെ ആദ്യ സമ്മേളനം.
രാവിലെ 9ന് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കം.ഗവർണറെ സ്വീകരിച്ച് സഭയിലേക്ക് ആനയിക്കുന്നത് മുതൽ, ഗവർണറും മുഖ്യമന്ത്രിയും മുഖാമുഖം കാണേണ്ടി വരും. മൂന്നാഴ്ച മുമ്പ് രാജ്ഭവനിൽ പുതിയ രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയിൽ ഇരുവരും പരസ്പരം നോക്കാതെയും മിണ്ടാതെയും, മുഖം വീർപ്പിച്ചിരുന്നത് വാർത്തയായിരുന്നു. ഇന്ന് നിയമസഭയിൽ അതേ രംഗം ആവർത്തിക്കുമോ, ഇരുവരും പുഞ്ചിരിച്ച് കൈ കൊടുത്ത് പിരിയുമോ എന്നതാണ് കൗതുകമുണർത്തുന്നത്. നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോ, വിട്ടുകളയുമോ എന്ന ചോദ്യവുമുണ്ട്.
തിരഞ്ഞെടുപ്പ് അങ്കത്തിന്റെ റിഹേഴ്സലാവും
പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്കത്തിന്റ റിഹേഴ്സലാവും സഭാസമ്മേളനം. തീയും പുകയും ഏറെ ഉയരും. ആരോപണ, പ്രത്യാരോപണങ്ങളും, വാദ പ്രതിവാദങ്ങളും സഭയെ പ്രക്ഷുബ്‌ധമാക്കിയേക്കും. ആവനാഴിയിലെ അമ്പുകളെല്ലാം സഭയിൽ പറക്കും. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും ഭരണപക്ഷ ശ്രമം. കേന്ദ അവഗണനെയെ പാർലമെന്റിൽ ഉൾപ്പെടെ എതിർക്കാതെയും,ഡൽഹി സമരത്തിൽ പങ്കെടുക്കാതെയും പുറം തിരിഞ്ഞ് നിൽക്കുന്ന കോൺഗ്രസിനും യു.ഡി.എഫിനും നേരെയും ഭരണപക്ഷ ആക്രമണം നീളും.
കേന്ദ്ര അവഗണനയ്ക്കൊപ്പം സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി
പറയുന്ന പ്രതിപക്ഷം, നവ കേരള സദസ്സിന് നേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡി.വൈ.എഫ്.ഐക്കാരും മുഖ്യമന്ത്രിയുടെ ഗൺമാനും തല്ലിച്ചതച്ചതിനെ ശക്തിയായി ചോദ്യം ചെയ്യും. കേസെടുക്കുന്നതിൽ പൊലീസിന്റെ പക്ഷപാതത്തെയും. ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കി
കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നടന്ന തീവെട്ടിക്കൊള്ളകളും, അഴിമതി ആരോപണങ്ങളും പ്രതിപക്ഷം ആയുധമാക്കും. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബഡ്ജറ്റ്. മാർച്ച് 27 വരെ സമ്മേളനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഇടയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സമ്മേളനം നിറുത്തി വച്ചേക്കും.