oil
എണ്ണക്കമ്പനികളുടെ ലാഭം കുറയുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ ഓയിൽ കോർപ്പറേഷൻ എന്നീ കമ്പനികളുടെ ലാഭം സെപ്തംബർ പാദത്തേക്കാൾ ഗണ്യമായി കുറയുകയാണെന്ന് പെട്രോളിയം മേഖലയിലുള്ളവർ പറയുന്നു.

പശ്ചിമേഷ്യയിലെയും ചെങ്കടലിലെയും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഒരവസരത്തിൽ ക്രൂഡ് വില ബാരലിന് 70 ഡോളർ വരെ താഴ്ന്നിരുന്നെങ്കിലും പിന്നീട് ചരക്ക് കപ്പലുകൾക്ക് നേരെ ഹൂതി വിമതർ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതോടെ വിപണിയിൽ സമ്മർദ്ദം ശക്തമായി. കഴിഞ്ഞ ഒരു മാസമായി ക്രൂഡ് വില ബാരലിന് 80 ഡോളറിന് അടുത്ത് തുടരുന്നതാണ് കമ്പനികളുടെ ലാഭത്തിൽ ഇടിവുണ്ടാക്കിയത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് ഇടിവും കമ്പനികളുടെ ലാഭക്ഷമതയെ ബാധിച്ചു. രൂപ ദുർബലമാകുമ്പോൾ ഇറക്കുമതി ചെലവ് കൂടുന്നതാണ് മാർജിനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് സാധിക്കുന്നില്ല. ജൂലായ്-സെപ്തംബർ കാലയളവിൽ ക്രൂഡ് വില കുറഞ്ഞതിനാൽ പൊതുമേഖലാ കമ്പനികളുടെ ലാഭത്തിൽ വൻ വർദ്ധനയുണ്ടായിരുന്നു.

ഇന്ത്യൻ ഓയിലിന്റെ ലാഭം

38 ശതമാനം ഇടിഞ്ഞു

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം ത്രൈമാസക്കാലയളവിൽ പൊതുമേഖലാ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അറ്റാദായം സെപ്തംബറിൽ അവസാനിച്ച മൂന്ന് മാസത്തേക്കാൾ 38 ശതമാനം ഇടിഞ്ഞ് 8,063 കോടി രൂപയായി. അതേസമയം കമ്പനിയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ ഇരുപത് ഇരട്ടി വർദ്ധിച്ചു. മൊത്തം വരുമാനം ഇക്കാലയളവിൽ 2.29 ലക്ഷം രൂപയിൽ നിന്ന് 2.24 ലക്ഷം കോടി രൂപയിലെത്തി.