
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ റിപ്പോർട്ട് ഇരുവിഭാഗം കക്ഷികൾക്കും നൽകാമെന്ന് സമ്മതിച്ച് വാരാണസി ജില്ലാക്കോടതി. റിപ്പോർട്ടിന്റെ ഹാർഡ് കോപ്പിയാണ് നൽകുന്നത്. എന്നാൽ, ഇന്നലെ ഇവ വിതരണം ചെയ്യാൻ കോടതി തയ്യാറായില്ല. ഒരാഴ്‌ചയ്ക്കകം കൈമാറുമെന്നാണ് സൂചന. സാമൂഹ മാദ്ധ്യമങ്ങളിൽ തെറ്രിദ്ധാരണ പരത്തുന്ന കാര്യങ്ങൾ വരാൻ സാദ്ധ്യതയുള്ളതിനാൽ സോഫ്റ്റ് കോപ്പി കക്ഷികൾക്ക് നൽകില്ല. സർവേ റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ കക്ഷികൾക്ക് അത് സമർപ്പിക്കാം. കേസിന്റെ നിർണായക സ്വഭാവം പരിഗണിച്ചാണ് ജഡ്ജി എ.കെ. വിശ്വേശയുടെ നിലപാട്. ഇരുവിഭാഗവും സർവേ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു.
ജൂലായ് 21നാണ് വാരാണസി ജില്ലാ കോടതി മസ്ജിദിൽ ശാസ്ത്രീയ സർവേയ്ക്ക് ഉത്തരവിട്ടത്. ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന വുദുഖാന (വാട്ടർ ടാങ്ക്) ഒഴികെയുള്ള ഭാഗത്ത് സർവേ നടത്താൻ സുപ്രീംകോടതിയും അനുമതി നൽകി. ഡിസംബർ 18ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വാരാണസി ജില്ലാക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ചുകളഞ്ഞ് മസ്ജിദ് നിർമിച്ചുവെന്ന ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മസ്ജിദ് കമ്മിറ്രിയാണ് എതിർകക്ഷി.