mamata

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് കാറപകടത്തിൽ പരിക്ക്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ മമത സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാർ വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അപകടസമയം മമത കാറിന്റെ മുൻസീറ്റിലായിരുന്നെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ അവരുടെ തല മുൻവശത്തെ ഗ്ലാസിൽ ഇടിച്ചെന്നും പൊലീസ് അറിയിച്ചു. ഔദ്യോഗിക യോഗത്തിനായി ഈസ്റ്റ് ബർദ്വാൻ ജില്ലയിലേക്ക് ഹെലികോപ്ടറിലായിരുന്നു മുഖ്യമന്ത്രി പോയതെന്നും എന്നാൽ മോശം കാലാവസ്ഥയെ തുടർന്നാണ് മടങ്ങിവരവ് റോഡു മാർഗമാക്കിയതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പരിക്ക് നിസാരമാണെന്നാണ് വിവരം.