
ഉക്രേനിയൻ ക്വാളിഫയർ ഡയാന യസ്ത്രേംസ്ക ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ
മെദ്‌വദേവ്, ക്വിൻവെംഗ് ഷെംഗ് എന്നിവരും സെമി ഫൈനലിൽ
മെൽബൺ : ഓപ്പൺ കാലഘട്ടത്തിൽ ക്വാളിഫയിംഗ് റൗണ്ടിലൂടെ കടന്നുവന്ന് ഓസ്ട്രലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ വിഭാഗം സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ മാത്രം താരമായി ഉക്രെയ്നിന്റെ ഡയാന യസ്ത്രേംസ്ക. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ലിൻഡ നോസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യസ്ത്രേംസ്ക ചരിത്രമെഴുതിയത്. 1978ൽ ഓസ്ട്രേലിയയുടെ ക്രിസ്റ്റ്രീൻ മാറ്റിസണാണ് ഇതിന് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
ഒരു മണിക്കൂർ 18 മിനിട്ട് നീണ്ട മത്സരത്തിൽ 6-3,6-4 എന്ന സ്കോറിനാണ് 23കാരിയായ ഡയാന നോസ്കോവയെ തോൽപ്പിച്ചത്. ആദ്യമായാണ് യസ്ത്രേംസ്ക ഒരു ഗ്രാൻസ്ളാം സെമിയിൽ എത്തുന്നത്. ഇവിടെ പ്രീ ക്വാർട്ടറിൽ വിക്ടോറിയ അസരങ്കയെ യസ്ത്രേംസ്ക അട്ടിമറിച്ചിരുന്നു. സെമിയിൽ 12-ാം സീഡ് ചൈനീസ് താരം ഷെംഗ് ക്വിൻവെന്നാണ് യസ്ത്രേംസ്കയുടെ എതിരാളി. ക്വാർട്ടറിൽ റഷ്യക്കാരിയായ അന്ന കാലിൻസ്കയെ 6-7(4/7),6-3,6-1 എന്ന സ്കോറിനാണ് ഷെംഗ് തോൽപ്പിച്ചത്.
പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് സെമിയിലേക്ക് മുന്നേറി. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒൻപതാം സീഡ് പോളിഷ് താരം ഹ്യൂബർട്ട് ഹുർക്കാസിനെ 7-6(7/4),2-6,6-3,5-7,6-3 എന്ന സ്കോറിനാണ് മെദ്‌വദേവ് തോൽപ്പിച്ചത്. കാർലോസ് അൽക്കാരസും അലക്സിസ് സ്വരേവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലെ വിജയിയെയാണ് സെമിയിൽ മെദ്‌വദേവ് നേരിടേണ്ടത്.
1978ന് ശേഷം ക്വാളിഫയിംഗ് റൗണ്ടിലൂടെ വന്ന് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിൽ കടക്കുന്ന ആദ്യ താരമാണ് ഡയാന യസ്ത്രേംസ്ക.