bad-breathe

നാമോരോരുത്തരും വ്യക്തിത്വം ആകര്‍ഷകമാക്കാന്‍ നിരവധി കാര്യങ്ങളാണ് ചെയ്യാറുള്ളത്. നല്ല വസ്ത്രം, ഹെയര്‍ സ്‌റ്റൈലിംഗ്, സ്‌കിന്‍ കെയര്‍ തുടങ്ങി ആ പട്ടിക നീളും. അതോടൊപ്പം തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വം. മറ്റെല്ലാ കാര്യങ്ങളും എ ക്ലാസ് ആയിട്ട് ശ്രദ്ധിച്ചിട്ടും വായിലെ ദുര്‍ഗന്ധം കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധിപേരാണ് സമൂഹത്തിലുള്ളത്. വായ്‌നാറ്റം അഥവാ വായിലെ ദുര്‍ഗന്ധം ജീവിതത്തിലെ മുന്നോട്ടുപോക്കിനെയാകെ തകിടം മറിക്കത്തക്ക രീതിയില്‍ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒന്നാണ്.

ഒരു മനുഷ്യനോട് അടുത്തിടപഴകാനോ സംസാരിക്കാനോ കഴിയാതായാല്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തേയും വ്യക്തിത്വത്തേയും എത്രത്തോളം ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്തുകൊണ്ടാണ് വായ്‌നാറ്റം ഉണ്ടാകുന്നത്. ഇതിന് പരിഹാരമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഹാലിറ്റോസിസ് അഥവാ വായ്‌നാറ്റം എന്നറിയപ്പെടുന്ന അവസ്ഥ എല്ലാവരേയും സാധാരണയായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.

ശുചിത്വമില്ലായ്മയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണം. അതോടൊപ്പം തന്നെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആരോഗ്യപരമായ ചില അവസ്ഥകളും വായിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. വായിലെ ശുചിത്വം ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ്. ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നതിന് ശേഷവും കൃത്യമായി രണ്ട് നേരം ബ്രഷ് ചെയ്യുക, മൗത്ത് വാഷ് ചെയ്യുക, നാവ് വൃത്തിയാക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങള്‍ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്.

വായിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരാള്‍ ശരിക്കും വെള്ളം കുടിക്കുന്നത് നല്ല ഫലം നല്‍കും. ഒരുപാട് വെള്ളം കുടിക്കുന്നതിലൂടെ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളേയും ഭക്ഷണ പദാര്‍ത്ഥങ്ങളേയും പുറന്തള്ളാന്‍ സഹായകമാകും. പുകയില ഉത്പന്നങ്ങളും വായ്‌നാറ്റത്തിന് കാരണണാകുന്നു. പുകയില, മദ്യം, പാന്‍ മസാല തുടങ്ങിയവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണ പദാര്‍ത്ഥങ്ങളും വില്ലന്‍മാരാണ്. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങളും പ്രശ്‌നക്കാരാണ്.

ഔഷധങ്ങളായ ഗ്രാമ്പു, തുളസി, പെരുംജീരകം, പാര്‍സ്ലി ഇല, ഏലക്ക, എന്നിവ വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. എന്നാല്‍ കൃത്യമായി ദന്ത സുരക്ഷയും ശുചിത്വവും പരിപാലിക്കുന്നവരായിരുന്നിട്ടും വായിലെ ദുര്‍ഗന്ധം നിങ്ങളെ അലട്ടുകയാണെങ്കില്‍ ഒരു ദന്ത ഡോക്ടറെ കാണുന്നതായിരിക്കും ഉത്തമം.