
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ 'കായികശേഷി എല്ലാവർക്കും' എന്ന കോൺഫറൻസ് തീം അവതരിപ്പിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിൽ കായിക മേഖലയെ വളർത്തിയെടുക്കുന്ന നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി 1000 കായിക വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകും. സാമ്പത്തിക രംഗം ത്വരിതപ്പെടുത്തുന്ന കായിക മേഖലയിലെ അവസരങ്ങൾ കണ്ടെത്തി കേരളത്തിന്റെ കായിക സമ്പദ്ഘടനയുടെ തോത് രണ്ട് വർഷത്തിനുള്ളിൽ 5 ശതമാനത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് ഒരു ശതമാനമാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിച്ച് ഈ ലക്ഷ്യം നേടിയെടുക്കും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
"ഇന്ത്യൻ കായിക മേഖല ക്രിക്കറ്റിനപ്പുറത്തേക്ക് വളരുകയാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രാജ്യം എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ രാജ്യത്തെ 41 ശതമാനം യുവാക്കളും വേണ്ടത്ര വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരാണെന്ന കണക്കുകൾ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ കായിക മേഖലയിൽ തുടങ്ങുന്ന ഫിറ്റ്നസ്, വെൽനെസ്സ് വ്യവസായത്തിന് പ്രാധാന്യമേറെയാണ്. കായിക മേഖലയെ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിച്ച് കായിക വിദ്യാഭ്യാസം നൽകുക എന്നതാണ് ആദ്യപടി. 2023- 24 വർഷത്തെ കേന്ദ്രബജറ്റിൽ 3397.32 കോടി രൂപയാണ് കായിക മേഖലയ്ക്ക് വകയിരുത്തിയത്. വലിയ മേളകളും മത്സരങ്ങളും സംഘടിപ്പിക്കുക വഴി സമ്പദ്ഘടനയ്ക്ക് കൂടുതൽ സംഭാവന നൽകാൻ കായിക മേഖലയ്ക്ക് കഴിയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിനൊരു ഉദാഹരണമാണ്. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങളും കായിക വ്യവസായത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്."- സായ് റീജിയണൽ ഡയറക്ടറും ലക്ഷ്മിഭായ് നാഷണൽ കൊളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പാളുമായ ഡോ. ജി. കിഷോർ പറഞ്ഞു.
കായിക നയം കരടുരേഖയായി
കായിക ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളെയും സംരംഭകരേയും പങ്കെടുപ്പിച്ചു പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കായിക നയം രൂപീകരിക്കാനാണ് സർക്കാർ ശ്രമം. കായിക നയത്തിന്റെ കരട് രേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1700 കോടി രൂപയുടെ പദ്ധതികളാണ് കായിക മേഖലയിൽ പൂർത്തീകരിച്ചത്. വിവിധ സെഷനുകളായി നടന്ന ഉച്ചകോടിയിൽ കായിക രംഗത്തെ വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ പ്രൊഫസർ വി. കെ. രാമചന്ദ്രൻ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽകുമാർ, കായിക- യുവജനകാര്യ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐഎഎസ്, ഡയറക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.