
വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ന്യൂഹാംഷെയർ സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ 54.6% വോട്ട് നേടി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. മുഖ്യ എതിരാളിയായ നിക്കി ഹേലി 43.2 % വോട്ടുമായി പിന്നിലെത്തി. നേരത്തെ അയോവ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലും ട്രംപിനായിരുന്നു ജയം. ട്രംപിന് വോട്ടർമാർക്കിടെയിലുള്ള വൻ സ്വാധീനം കണക്കിലെടുത്ത് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി എന്നിവർ ഉൾപാർട്ടി പോരിൽ നിന്ന് പിന്മാറിയിരുന്നു. അതേ സമയം, താൻ പിന്മാറില്ലെന്നും മുന്നോട്ടുപോകുമെന്നും നിക്കി പ്രതികരിച്ചു.
അതിനിടെ, ന്യൂ ഹാംഷെയറിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ അനൗദ്യോഗിക പ്രൈമറിയിൽ 51.6% വോട്ടോടെ പ്രസിഡന്റ് ജോ ബൈഡന് ജയം. ബൈഡന്റെ പേര് ഇവിടുത്തെ ബാലറ്റിൽ ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ പേര് എഴുതി വോട്ട് ചെയ്യാം.
ഫെബ്രുവരി മൂന്നിന് സൗത്ത് കാരലൈനയിലെ പ്രൈമറിയോടെയാണ് ഡെമോക്രാറ്റുകൾ ഇത്തവണ ഔദ്യോഗിക തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നത്. സാധാരണ ന്യൂ ഹാംഷെയറിൽ നിന്നാണ് ഇവ ആരംഭിച്ചിരുന്നത്. ഇത്തവണ ഇതിൽ മാറ്റം വരുത്താനുള്ള ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ന്യൂഹാംഷെയറിലെ ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. പാർട്ടി നിയമങ്ങൾ പാലിക്കണമെന്നതിനാൽ ബാലറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ബൈഡൻ തീരുമാനിക്കുകയായിരുന്നു.
പാർട്ടിയിൽ ബൈഡന് ശക്തായ എതിരാളികളില്ല. പ്രമുഖ ബിസിനസുകാരനും അമേരിക്കയിലെ മൂന്നാമത്തെ വലിയ പ്രീമിയം ഐസ്ക്രീം ബ്രാൻഡായ റ്റാലന്റി ജെലാറ്റോയുടെ മുൻ ചെയർമാനുമായ ഡീൻ ഫിലിപ്സ്, എഴുത്തുകാരി മരിയാൻ വില്യംസൺ എന്നിവരാണ് ബൈഡന് എതിരെ പാർട്ടിക്കുള്ളിൽ മത്സരിക്കുന്നവർ. മിനസോട്ടയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ ഡീനിന് 19.7%, മരിയാന് 4.7% എന്നിങ്ങനെയാണ് ന്യൂ ഹാംഷെയറിൽ ലഭിച്ചത്.