modi

അയോദ്ധ്യ: പ്രാണ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം അഞ്ച് ലക്ഷത്തോളം ഭക്തര്‍ അയോദ്ധ്യ സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരാന്‍ തന്നെയാണ് സാദ്ധ്യത. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് തന്റെ ക്യാബിനറ്റിലെ മന്ത്രിമാരോടുള്‍പ്പെടെയുള്ള വിഐപികളോട് ഫെബ്രുവരിയില്‍ അയോദ്ധ്യ സന്ദര്‍ശനം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ദിവസങ്ങളില്‍ ഭക്തര്‍ വന്‍തോതില്‍ രാമക്ഷേത്രത്തിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് വിവരം. മന്ത്രിമാര്‍ മാര്‍ച്ച് മാസത്തില്‍ ദര്‍ശനത്തിനായി രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. വിഐപികളുടെ സന്ദര്‍ശന വേളയില്‍ ഏര്‍പ്പെടുത്തുന്ന പ്രോട്ടോക്കോളുകള്‍ ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത് മാറ്റിവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍, അയോദ്ധ്യയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മന്ത്രിമാരോട് ചോദിച്ചു. പൊതുജനങ്ങള്‍ക്കായി, ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറന്നപ്പോള്‍ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഭക്തര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഭക്തജനത്തിരക്ക് കാരണം ചൊവ്വാഴ്ച ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. വന്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോദ്ധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.