madhu

കൊല്ലം: കടപ്പാക്കടയിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. ഉള്ളുരുപ്പിൽ തൊടിയിൽ സ്വപ്നാലയത്തിൽ മധുവാണ് (55) കൊല്ലപ്പെട്ടത്. പ്രതിയായ ആശ്രാമം ശ്രീനിവാസിൽ ഗോപനെ (51) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: അവിവാഹിതനായ മധു വീട്ടിൽ തനിച്ചാണ് താമസം.

മധുവിന്റെ വീട്ടിലെത്തി സുഹൃത്തുക്കൾ സ്ഥിരമായി മദ്യപിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായപ്പോൾ ഗോപൻ കത്തി ഉപയോഗിച്ച് മധുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തുടർന്ന് ഗോപൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സുഹൃത്തായ റഫീഖ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മധുവിന്റെ സഹോദരീ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ഉള്ളൂരിൽ നിന്നാണ് ഗോപനെ അറസ്റ്റ് ചെയ്തത്.

മിക്ക ദിവസവും മദ്യപിച്ച് ബഹളം ഉണ്ടാക്കാറുള്ളതിനാൽ സമീപവാസികളും സംഭവം അറിഞ്ഞിരുന്നില്ല.

ഈസ്റ്റ് സി.ഐ അനിൽകുമാർ, എസ്.ഐമാരായ ഷബ്ന, ദിപിൻ, അശോക് കുമാർ, സി.പി.ഒമാരായ ഷഫീഖ്, ശ്രീഹരി, ആൻഡ്രൂസ്, സുമേഷ്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പരേതരായ ജനാർദ്ദനന്റെയും പത്മാവതിയുടെയും മകനാണ് കൊല്ലപ്പെട്ട മധു.