
ടെൽ അവീവ്: ഗാസയിലെ യുദ്ധത്തിന് രണ്ട് മാസം നീളുന്ന ഇടവേള നൽകാമെന്ന ഇസ്രയേലിന്റെ നിർദ്ദേശം ഹമാസ് തള്ളിയെന്ന് റിപ്പോർട്ട്. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കണമെന്നും പകരം ഇസ്രയേൽ ജയിലിൽ കഴിയുന്ന പാലസ്തീനിയൻ തടവുകാരെ വിട്ടയക്കാമെന്നും നിർദ്ദേശത്തിലുണ്ടായിരുന്നതായി മദ്ധ്യസ്ഥ ചർച്ചകൾ വഹിക്കുന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഗാസയുടെ മണ്ണിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് നിലപാട്. റിപ്പോർട്ടിനോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,700 കടന്നു. തിങ്കളാഴ്ച ഗാസയിൽ 24 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയേറെ സൈനികരെ ഒറ്റ ദിവസം കൊണ്ട് ഇസ്രയേലിന് നഷ്ടമാകുന്നത്. ഇതിൽ 21 സൈനികർ മദ്ധ്യഗാസയിലുണ്ടായ റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഒരു ക്യാപ്റ്റനും രണ്ട് മേജർമാരും തെക്കൻ ഗാസയിലും കൊല്ലപ്പെട്ടു.