bus

ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലേക്ക് ബസ് സര്‍വീസ് വരുന്നു. ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും, ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ഷാര്‍ജയിലെ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് മസ്‌കറ്റിലെ അല്‍ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാനാണ് ഷാര്‍ജ ആര്‍.ടി.എയും മുവസലാത്തും തമ്മിലുള്ള ധാരണ. എസ്.ആര്‍.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുവസലാത്ത് സി.ഇ.ഒ ബദര്‍ ബിന്‍ മുഹമ്മദ് അല്‍ നദാബിയും എസ്.ആര്‍.ടി.എ ചെയര്‍മാന്‍ എഞ്ചിനീയര്‍ യൂസഫ് ബിന്‍ ഖമീസ് അല്‍ അത്മാനിയും കരാറില്‍ ഒപ്പുവെച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബസ് ഗതാഗത ശൃംഖല സജീവമാക്കാനും ടൂറിസം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ബസ് സര്‍വീസ്. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേകസംവിധാനമൊരുക്കും. സര്‍വീസ് സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.