v

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്ന്

പിണറായി സഖാവ് സംസ്ഥാന സഹകരണ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ. അത് കൊള്ളേണ്ടവർക്ക് കൊള്ളും. പൊള്ളേണ്ടവർക്ക് പൊള്ളും. ദാരിദ്ര്യമാണ് ഏറ്റവും വലിയ ആർത്തി. ഏറെ സമ്പാദിച്ചു കൂട്ടിയിട്ടും ഉള്ളതു പോരാ. കൂടുതൽ വേണമെന്നു ചിന്തിക്കുന്നത് അത്യാർത്തി. അത്തരം ആർത്തിപ്പണ്ടാരങ്ങളാണ് അഴിമതിയുടെ ഭാഗമാകുന്നതെന്നാണ് സഖാവിന്റെ വാക്കുകളിലെ സൂചന. അതും, സംസ്ഥാനത്തെ സഹകരണ മേഖലയെ മുച്ചൂടും തകർത്ത കൊള്ളകളുടെ പശ്ചാത്തലത്തിൽ.

കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെയും, കണ്ടല സഹകരണ ബാങ്കിലെ 100 കോടിയുടെയും തട്ടിപ്പ് മഞ്ഞുമലയുടെ മുകളറ്റം മാത്രമാണെന്നാണ് പ്രതിപക്ഷ വാദം. പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന സഹകരണ മേഖലയുടെ വിശ്വാസം കാശിക്കു പോയതിന്റെ ഉത്തരവാദിത്തം ആർക്കൊക്കായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കണ്ടേ?

അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ, കിട്ടിയ ചക്കുരക്കുടങ്ങളിൽ കൈയിട്ടു വാരുന്നതിൽ പ്രതിപക്ഷവും പിന്നിലായിരുന്നില്ല. ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേടുകൾ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തർക്കമില്ല. പക്ഷേ, അതിനവർക്ക് ഒത്താശ ചെയ്യുന്നത് ഭരണസമിതിയിലും അതിനു മുകളിലുമുള്ള രാഷ്ട്രീയ നേതാക്കളല്ലേ? കമിഴ്ന്നു വീണാലും കാൽപ്പണവും കൊണ്ടേ പൊങ്ങൂ എന്ന അവരുടെ ശീലമല്ലേ യഥാർത്ഥ വില്ലൻ?ചികിത്സ തുടങ്ങേണ്ടത് അവിടെ നിന്നല്ലേ? എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും.

അഴിമതിയുണ്ടെന്നു പറഞ്ഞാൽ പോരാ,​ അത്തരം വേതാളങ്ങളെ ചെവിക്കു പിടിച്ച് പുറത്താക്കി ശുദ്ധികലശവും നടത്തണം. ഒപ്പം, ജീവിതം വഴിയാധാരമായ പാവപ്പെട്ട നിക്ഷേപകരുടെ കണ്ണീരും ഒപ്പുമ്പോഴാവും പ്രസ്ഥാനത്തിന്റെ ജനകീയതയും ഭരണാധികാരികളുടെ മഹത്വവും ഏറുക! എന്നാൽ,​ ഒരു തരത്തിലുള്ള കമ്മിഷൻ ഇടപാടും ഇപ്പോൾ കേരളത്തിലില്ലെന്ന പിണറായി സഖാവിന്റെ അവകാശവാദം വല്ലാത്ത തള്ളായിപ്പോയെന്നാണ് പ്രതി പക്ഷത്തിന്റെ പക്ഷം. അത്രയ്ക്ക് കാറ്റു വേണ്ട!

 

എം.വി. ഗോവിന്ദൻ മാഷ് വീണ്ടും ചൂരലെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ഘട്ടത്തിൽ മാഷ് ചൂരലെടുത്ത് ഒന്നു വീശിയതാണ്. വഴിതെറ്റിയ അണികൾക്ക് ചൂരൽക്കഷായം ഉറപ്പെന്ന് ശുദ്ധാത്മാക്കൾ കരുതി. എല്ലാം ആരംഭശൂരത്വമായി കലാശിച്ചെന്നായി ആക്ഷേപം. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ പാർട്ടിയിൽ തെറ്റായ പ്രവണതകൾ മുളപൊട്ടിത്തുടങ്ങിയെന്നും, ഞാനല്ല പാർട്ടിയെന്ന വിചാരം വേണമെന്നുമാണ് മാഷിന്റെ പുതിയ സാരോപദേശം.

'ഞാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ഞാനില്ലാതെ പിന്നെന്ത് പാർട്ടിയെന്നും നമ്മൾ ഓരോരുത്തരും വിചാരിക്കുന്നു. എന്നാൽ, എല്ലാവരെയും രൂപപ്പെടുത്തിയത് നാടും പാർട്ടിയുമാണെന്ന ബോധം എല്ലാവർക്കും വേണം.' പിന്നാലെ മാഷിന്റെ വക താത്വിക അവലോകനവും. 'പാർട്ടിയുടെയും നാടിന്റെയും ഭൂതകാല ഉത്പന്നമാണ് നമ്മളെല്ലാം. ഈ ഭൂതകാലത്തെ സ്മരിക്കാതെ മുന്നോട്ടു പോകാനാവില്ല. പാർട്ടിക്കായി എത്രയോ സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നവരുണ്ട്. ഇവരെല്ലാം നടത്തിയ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഉത്പന്നമാണ് ഞാനും നിങ്ങളും.'

ഇനിയും സംഗതി പിടികിട്ടാത്ത സഖാക്കളുണ്ടെങ്കിൽ അത് പാർട്ടി സ്റ്റഡി ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാത്തതു കൊണ്ടാവാം. ആർത്തിയാണ് അഴിമതിയിലേക്കു നയിക്കുന്നതെന്ന് അതേദിവസം പിണറായി സഖാവ് നടത്തിയ പരാമർശവും കൂട്ടിവായിക്കാം. പാർട്ടിയിൽ മാറ്റത്തിന്റെ സൈറൺ മുഴങ്ങുന്നില്ലേ? ഈ ബുദ്ധി എന്തേ നമുക്ക് നേരത്തേ തോന്നിയില്ല? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ!

 

ചിരിയില്ല. മിണ്ടാട്ടമില്ല. മുഖം വീർപ്പിച്ച് ഒറ്റ നിൽപ്പ്. അല്ലെങ്കിൽ ഇരിപ്പ്. കലി ബാധിച്ച നളനെപ്പോലെ. സർക്കാരിനോടുള്ള

കലിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തീരുന്നില്ല. പിണറായി സഖാവിനെ മുഖാമുഖം കണ്ടാൽ കട്ടക്കലിപ്പ്!കാളകൂട വിഷം കുടിച്ചതു പോലെ മുഖം വിവർണ്ണമാകും. 'ഗൗരവത്തിൽ' പിഎച്ച്.ഡി ബിരുദമെടുത്ത പിണറായി സഖാവിനോടാണോ കളി?പുള്ളിയെ കണ്ടില്ലെന്ന മട്ടിൽ അതിലേറെ ഗൗരവ ഭാവം. 'മിസ്റ്റർ ഖാൻ, എന്നെ നിങ്ങൾക്ക് ശരിക്ക് അറിയില്ല.'

ഗവർണർ മിണ്ടാവ്രതം തുടങ്ങിയിട്ട് നാളുകൾ പലതായി. ആദ്യം രാജ്ഭവനിൽ രണ്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ. അടുത്തിരുന്ന മുഖ്യമന്ത്രിയുടെ മുഖത്തു നോക്കൊത്തതോ പോട്ടെ,​ ചടങ്ങു കഴിഞ്ഞ് മുഖംതിരിച്ച് ഒറ്റപ്പോക്ക്. അവിടത്തെ ചായ സത്കാരത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള ആതിഥ്യമര്യാദ പോലും കാട്ടിയില്ലെന്നാണ് വിമർശനം. പിന്നെ വലിഞ്ഞു കയറിപ്പോകണോ?​ ഗൗരവം വിടാതെ മുഖ്യമന്ത്രിയും തിരിച്ച് കാറിലേക്ക്.

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയപ്പോഴും മോദി പങ്കെടുത്ത ചടങ്ങിലും ഇരുവർക്കും അതേ ഭാവം. സൗന്ദര്യപ്പിണക്കം മോദിജിക്ക് പിടികിട്ടയോ എന്തോ? നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിട്ടിൽ വായിച്ച് അമർഷം കടുപ്പിച്ച ഗവർണർ അവിടെയും ചിരി പോക്കറ്റിലിട്ടു. സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയിൽ നിന്ന് ബൊക്കെ വാങ്ങിയ അദ്ദേഹം നോക്കിയത് മറ്റെവിടേയ്ക്കോ ആണ്.

തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിന ചടങ്ങനെത്തിയപ്പോഴും തനിയാവർത്തനം. തൊട്ടടുത്തിരുന്ന ഇരുവരും തൃശൂ‌ർ പൂരത്തിനു പോലും തമ്മിൽക്കണ്ടിട്ടുള്ള ഭാവമില്ല. ക്ലാസിൽ പിണങ്ങിയിരിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ. ഒടുവിൽ പോകാൻ എണീറ്റ ഗവർണർ മുഖ്യമന്ത്രിയെ നോക്കി ഒരു കൂപ്പു കൈ പാസാക്കി. അതു കണ്ടിട്ടും വരവുവയ്ക്കാതെ മുഖ്യമന്ത്രിയും. ശേഷം ഭാഗം അന്ന് വൈകിട്ടു തന്നെ രാജ്ഭവനിലെ സ്ക്രീനിൽ. ഗവ‌ർണർ ഒരുക്കിയ വിരുന്നു സത്കാരത്തിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. 'അന്ത ഹന്തയ്ക്ക് ഇന്തപ്പട്ട് !'

എസ്.എഫ്.ഐ പിള്ളേരെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പണി പിണറായി സഖാവ് നിറുത്തിയില്ലെങ്കിൽ

കളി തീക്കളിയാവുമെന്ന ഗവർണറുടെ ഭാവമാണ് കഴിഞ്ഞ ദിവസം കൊല്ലം നിലമേലിൽ കണ്ടത്. കരിങ്കൊടികളുമായി

ഓടിയടുത്ത എസ്.എഫ്.ഐക്കാർക്കു നേരേ കാർ നിറുത്തി ചാടിയിറങ്ങിയ അദ്ദേഹം പേട്ട മോഡലിൽ ഡി.ജി.പിയെ വരെ ഫോണിൽ വിരട്ടി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഓഫീസിൽ വരെ വിളിച്ചു, തനിക്കങ്ങ് ഡൽഹിയിലാണ് പിടിയെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി. മുഖ്യമന്ത്രിയുടെ കൂലിക്കാരാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചു. പ്രതിഷേധിച്ച 17 പേർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആർ പൊലീസ് കാണിക്കുന്നതു വരെ റോഡിലിട്ട കസേരയിൽ നിന്ന് അനങ്ങിയില്ല. 'ആരിഫ് മുഹമ്മദ് ഖാനെ നിങ്ങൾക്കും അത്ര മനസിലായിട്ടില്ലെന്നു തോന്നുന്നു!'

നുറങ്ങ്:

ഇലക്ട്രിക് ബസിനെപ്പറ്റി ഇനി മിണ്ടില്ലെന്നും ഓരാഴ്ചകൊണ്ട് എല്ലാം മതിയായെന്നും ഗതാഗത മന്ത്രി

കെ.ബി. ഗണേശ് കുമാർ.

 പുത്തനച്ചി പുരപ്പുറവും മേൽക്കൂരയും തൂത്താലോ?

(വിദുരരുടെ ഫോൺ: 99461 08221)