
ഹൈദരാബാദ്: പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് എബിവിപി വനിതാ നേതാവിന് ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്. നഗരത്തിലെ രാജേന്ദ്ര നഗർ ഏരിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനായി സർവകലാശാലയുടെ 100 ഏക്കർ സ്ഥലം അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രൊഫസർ ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പ്രതിഷേധിത്തിനിടെയാണ് സംഭവം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എബിവിപി രംഗത്തെത്തിയിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ നേതാവിനെ സ്കൂട്ടറിൽ പിന്തുടർന്ന രണ്ട് പൊലീസുകാരികൾ അവരുടെ മുടിയിൽ പിടിച്ചുവലിച്ച് നിലത്തിടുന്നതിന്റെയും വലിച്ചിഴയ്ക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നത്. ഇതോടെ പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തി.
The recent incident involving Telangana police is deeply concerning and absolutely unacceptable. Dragging a peaceful student protester and unleashing abrasive behaviour on the protestor raises serious questions about the need for such aggressive tactics by the police.
— Kavitha Kalvakuntla (@RaoKavitha) January 24, 2024
This… pic.twitter.com/p3DH812ZBS
എന്നാൽ പൊലീസ് മനഃപൂർവം ചെയ്തതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് പൊലീസ് വിശദീകരണം. ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പൊലീസ് നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.