
ന്യൂഡൽഹി : ബോക്സിംഗ് റിംഗിലേക്കിറങ്ങാൻ പ്രായപരിധി തന്നെ അനുവദിക്കാത്തതിനാൽ കരിയർ അവസാനിപ്പിക്കുകയാണെന്ന് വനിതാ ബോക്സിംഗിലെ ഇന്ത്യൻ ഇതിഹാസം എം.സി മേരി കോം കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പറഞ്ഞായ വാർത്തകൾ വന്നതിന് പിന്നാലെ അത് നിഷേധിച്ച് മേരികോം രംഗത്തെത്തി. അസാമിലെ ഒരു സ്കൂളിലെ കുട്ടികളുമായി സംസാരിക്കുമ്പോൾ അവരെ പ്രചോദിപ്പിക്കാനായി പറഞ്ഞ കാര്യങ്ങൾ തെറ്റായി ഉദ്ധരിച്ചതാണ് വാർത്തയായി മാറിയതെന്ന് മേരികോം പറഞ്ഞു. ഇനിയും ഒളിമ്പിക്സിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും ഇന്റർനാഷണൽ അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ നിയമം അനുസരിച്ച് 40 വയസുവരെയേ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങാനാവൂ എന്നാണ് കുട്ടികളോട് പറഞ്ഞതെന്നും അവർ വ്യക്തമാക്കി. വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ആ തീരുമാനമെടുക്കുമ്പോൾ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും മേരികോം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വനിതാ ബോക്സിംഗിൽ ഇന്ത്യ ഒന്നുമല്ലാതിരുന്നപ്പോൾ മണിപ്പൂരിൽ നിന്ന് ഒരു നക്ഷത്രം കണക്കെ ഉദിച്ചുയർന്ന മേരികോം ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണവും ഒളിമ്പിക്സിലെ വെങ്കലവും നേടിയാണ് ചരിത്രമെഴുതിയത്. ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സറും മേരികോം തന്നെ. ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ വനിതാ അമേച്വർ ബോക്സറും മറ്റാ്രുമല്ല. വിവാഹിതയും ഇരട്ടക്കുട്ടികളുടെ അമ്മയും ആയശേഷം ഭർത്താവിന്റെ പിൻബലത്തോടെ റിംഗിലേക്ക് തിരിച്ചുവന്ന് ലോക ചാമ്പ്യനായ വിസ്മയ ചരിത്രവും മേരികോമിനുണ്ട്. അഞ്ചുവട്ടം ഏഷ്യൻ ചാമ്പ്യനും ഒരു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായി. 2016 മുതൽ 22വരെ രാജ്യസഭയിലെ നോമിനേറ്റഡ് എം.പിയായിരുന്നു. രാജ്യം പത്മശ്രീ,പത്മഭൂഷൺ,പത്മവിഭൂഷൺ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
2001 ൽ തന്റെ 18-ാം വയസിൽ അമേരിക്കയിലെ പെൻസിൽവാനിയയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ വെള്ളിനേടി ആഗോള തലത്തിൽ വരവറിയിച്ച മേരികോം 2002ൽ അന്റാലിയയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ലോകചാമ്പ്യൻ ആകുന്നത്. 2005,2006,2008,2010 ലോകചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടി. 2007ൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷമാണ് 2008ൽ ലോകചാമ്പ്യനായത്. അതിന്ശേഷം മക്കളെ നോക്കാനായി അൽപ്പനാൾ വിട്ടുനിന്നെങ്കിലും 2010ൽ ലോക ചാമ്പ്യനായി മടങ്ങിയെത്തി. 2012ൽ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിക്കഴിഞ്ഞാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. 2014ലാണ് ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടം. 2018ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് അവസാനമായി സ്വർണം നേടിയത്. 2019ൽ ഉളാൻബത്തൂരിലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മണിപ്പൂരിൽനിന്നുള്ള ഫുട്ബാളർ കൂടിയായ ഖുരുംഗ് ഒലകോലെർ(ഓൻലെർ) ആണ് മേരികോമിന്റെ ഭർത്താവ്. 2000ത്തിൽ ബാംഗ്ളൂരിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇവർ പരിചയപ്പെടുന്നത്. ആ യാത്രയ്ക്കിടയിൽ ബാഗുകൾ നഷ്ടപ്പെട്ട മേരികോമിനെ സഹായിക്കാനെത്തിയ ഓൻലെർ പിന്നീട് ജീവിത യാത്രയിലെ പങ്കാളിയായി മാറുകയായിരുന്നു, ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2005ലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷം റിംഗിലേക്ക് തിരിച്ചുവരാൻ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നത് ഓർലെറായിരുന്നു.2018മുതൽ ഇവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നുമുണ്ട്. 2014ൽ മേരികോമിന്റെ ജീവിതകഥയെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിൽ അഭിനയിച്ച മേരികോം എന്ന ബോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങി.
മേരികോമിന്റെ മെഡലുകൾ
ലോകചാമ്പ്യൻഷിപ്പ്
സ്വർണം
2002,2005,2006,2008,2010,2018
വെള്ളി
2001
വെങ്കലം
2019
ഒളിമ്പിക്സ്
വെങ്കലം
2012
ഏഷ്യൻ ചാമ്പ്യൻഷിപ്പ്
സ്വർണം
2003,2005,2010,2012,2017
വെള്ളി
2008,2021
ഏഷ്യൻ ഗെയിംസ്
സ്വർണം
2014
വെങ്കലം
2010
കോമൺവെൽത്ത് ഗെയിംസ്
സ്വർണം
2018
ഏഷ്യൻ ഇൻഡോർ ഗെയിംസ്
2009
പുരസ്കാരങ്ങൾ
അർജുന അവാർഡ് - 2003
പത്മശ്രീ - 2006
ഖേൽരത്ന - 2009
പത്മഭൂഷൺ -2013
പത്മവിഭൂഷൺ -2020