
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ... ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി കരുതപ്പെടുന്ന ആമുഖം (Preamble ) തുടങ്ങുന്നത് ഇങ്ങനെയാണ്. ജനങ്ങളാണ് പരമാധികാരി എന്ന് ആദ്യമേ പറഞ്ഞു വയ്ക്കുകയാണ്. ആമുഖത്തിലെ ഏറ്റവും ശക്തമായ വാക്കുകളും ഇവയാണ്. നമ്മൾ നമുക്കു വേണ്ടി നിർമ്മിച്ച് അംഗീകരിച്ച് നിയമമാക്കി നമുക്കു തന്നെ നൽകുന്ന ഭരണഘടന. ഇന്ത്യൻ ഭരണഘടനയുടെ ഉപജ്ഞാതാവും ഉടമയും സൂക്ഷിപ്പുകാരനും ഇന്ത്യൻ ജനത തന്നെ.
ഇന്ത്യ എന്ന രാഷ്‌ട്രത്തിന്റെ പരമാധികാരങ്ങളും ജനങ്ങളുടെ അവകാശങ്ങളും ആശയാഭിലാഷങ്ങളും ആമുഖത്തിൽ അവതരിപ്പിക്കുന്നു. ഭരണഘടനയുടെ മുഴുവൻ തത്വങ്ങളുടെയും മൂല്യങ്ങളുടെയും സംഗ്രഹമാണ് വെറും 73 വാക്കിൽ ഒറ്റ വാചകത്തിലുള്ള ആമുഖം! നമ്മുടെ ജനാധിപത്യത്തെയും രാഷ്ട്ര, ഭരണ ക്രമത്തെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ പ്രസ്താവനയാണിത്. മതേതരത്വം, സ്ഥിതിസമത്വം, പരമാധികാരം, ജനാധിപത്യം, സാഹോദര്യം, റിപ്പബ്ലിക്, നീതി, സ്വാതന്ത്ര്യം, തുല്യത എന്നീ ഒൻപത് വാക്കുകളാണ് ഭരണഘടനയുടെ കാതൽ. ഇന്ത്യൻ ജനാധിപത്യത്തെ നയിക്കേണ്ട ഈ തത്വങ്ങൾ ആമുഖത്തിൽ എടുത്തു പറയുന്നു.
ഇന്ത്യ പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ളിക്കാണെന്നും
പൗരന്മാർക്ക് മൗലികാവകാശങ്ങളായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതിയും
ചിന്തയ്ക്കും അഭിപ്രായത്തിനും വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും വ്യക്തിക്ക് അന്തസും അവസര സമത്വവും സാഹോദര്യവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു നൽകുകയാണ് ആമുഖം.
ഭരണഘടനയുടെ ഘടനയും ലക്ഷ്യങ്ങളും സംബന്ധിച്ച് ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയം (ഒബ്‌ജക്ടീവ് റസലൂഷൻ ) അടിസ്ഥാനമാക്കിയാണ് ആമുഖം രചിച്ചത്.
1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്ന ശേഷം ഒറ്റത്തവണയേ ആമുഖം ഭേദഗതി ചെയ്‌തിട്ടുള്ളൂ. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42ാം ഭരണഘടനാ ഭേഗദതിയിൽ. ആദ്യ ആമുഖത്തിൽ, ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നായിരുന്നു. സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകളാണ് 42-ാം ഭേദഗതിയിൽ കൂട്ടിച്ചേർത്തത്. രാഷ്‌ട്രത്തിന്റെ ഐക്യം എന്നത് രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കുകയും ചെയ്‌തു.
ഭരണഘടനാ അസംബ്ലി 1949 നവംബർ 26നാണ് ഭരണഘടന അംഗീകരിച്ച് നിയമമാക്കിയത്. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശക തത്ത്വങ്ങൾ മുതലായവ ഭരണഘടന നിർവചിച്ചിട്ടുണ്ട്. ലോകത്തെ പരമാധികാര രാജ്യങ്ങളിലെ, എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. ഡോ.ബി.ആർ. അംബേദ്‌കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി രണ്ടു വർഷവും പതിനൊന്നു മാസവും പതിനെട്ടു ദിവസവും എടുത്താണ് ഭരണഘടന പൂർത്തിയാക്കിയത്.